kstp

പഴയങ്ങാടി: റോഡ് അപകടങ്ങളുടെ കണക്കിൽ ഏറെ മുന്നിലാണ് പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ്. മൂന്ന് വർഷത്തിനിടെ നൂറിലേറെ അപകടങ്ങളാണ് സംഭവിച്ചത്. അതിൽ അമ്പതിലേറെ മനുഷ്യജീവനുകൾ പൊലിഞ്ഞു. നൂറിലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു. അവസാനത്തേതാണ് കഴിഞ്ഞ ദിവസം എരിപുരത്തുണ്ടായ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം. ചെറുകുന്ന് പള്ളിച്ചാലിലുണ്ടായ വാഹാനാപകടത്തിൽ 12 വയസുള്ള കുട്ടി മരിച്ചത് അവസാന അപകട മരണവും. വളവോട് കൂടിയ ഇറക്കത്തിലോ ചെറിയ റോഡുകൾ കയറുന്ന ഇടത്തോ ആണ് അപകടങ്ങൾ കൂടുതലും ഉണ്ടായിട്ടുള്ളത്. മണ്ടൂർ, അടുത്തില, രാമപുരം, എരിപുരം, താവം, ചെറുകുന്ന്, കണ്ണപുരം എന്നിവിടങ്ങളിലായി അമ്പതോളം ജീവനുകളും നിരവധി പേർക്ക് ഗുരുതരമായ പരിക്കും സംഭവിച്ചിട്ടുണ്ട്.

വാഹനം അമിതവേഗതയിൽ വളവോട് കൂടിയ ഇറക്കത്തിൽ വരുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് മിക്ക അപകടങ്ങൾക്കും കാരണമെന്നും വിദഗ്ദ്ധർ ചൂണ്ടി കാട്ടുന്നു. തെരുവ് വിളക്കുകൾ പലതും കത്താത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റോഡ് നിർമ്മാണത്തിലും റോഡിന്റെ വീതിയുടെ കാര്യത്തിലും അശാസ്ത്രീയത ഉണ്ടന്നും ആക്ഷേപം ഉണ്ട്. റോഡിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സർക്കാർ പ്രഖ്യാപിച്ച കോറിഡോർ പദ്ധതിയിൽ 21കി.മി റോഡിൽ 26 സെർവൈലൻസ് കാമറയും നാല് പ്രധാന കേന്ദ്രങ്ങളിൽ രണ്ട് വീതം 8 ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് പരിശോധന കാമറകളാണ് സ്ഥാപിച്ചത്. ഹനുമാരമ്പലം ജംഗ്ഷനിൽ മൂന്ന് റെഡ് ലൈറ്റ് ഡിറ്റക്ഷൻ കാമറകൾ, പഴയങ്ങാടി, കണ്ണപുരം പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കൺട്രോൾ റൂം എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
രാജ്യാന്തര നിലവാരമുള്ള റോഡിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ അപകടരഹിത മേഖലയാക്കി മാറ്റുന്നതിന് നാറ്റ്പാക് 1.84 കോടി കോടി രൂപയുടെ സമഗ്രമായ പ്രൊജക്ട് തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കിയത്. റോഡ് പൂർണ്ണമായും അപകട രഹിതമേഖലയാക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ടങ്കിലും അപകടങ്ങൾക്ക് ഒരു കുറവുമില്ല.