
തിരുവനന്തപുരം: കോടതി ഉത്തരവും എതിർപ്പുകളും മറികടന്ന്, പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്‌കോൾ കേരളയിലെ 55 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. തിങ്കളാഴ്‌ച ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിക്കും. വിഷയം അജൻഡയിൽ ഉൾപ്പെടുത്തിയ ഫയലിൽ ചീഫ് സെക്രട്ടറി ഒപ്പുവച്ചു. മൂന്നിന് ചേർന്ന മന്ത്രിസഭായോഗത്തിലേക്ക് വിഷയം കൊണ്ടുവന്നെങ്കിലും വിശദീകരണം ആവശ്യപ്പെട്ട് ഫയൽ മുഖ്യമന്ത്രി മടക്കിയിരുന്നു. പിന്നാലെ, മന്ത്രി സി.രവീന്ദ്രനാഥ് നേരിട്ടെത്തി മുഖ്യമന്ത്രിയോട് സംസാരിച്ചു. തുടർന്നാണ് ഫയൽ വീണ്ടും മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തുന്നത്.
അന്തിമ ഉത്തരവുണ്ടാകുന്നതുവരെ സ്കോൾ കേരളയിൽ കരാറുകാരെ സ്ഥിരപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവ് മറികടന്നാണ് സർക്കാർ നീക്കം. സ്‌കോൾ കേരളയിൽ പിൻവാതിൽ നിയമനത്തിന് കളമൊരുങ്ങുന്നതായി കേരളകൗമുദി സെപ്തംബർ 25ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബർ 14നാണ് സ്ഥിരപ്പെടുത്തൽ തടഞ്ഞ് കോടതിയുടെ ഇടക്കാല ഉത്തരവിട്ടത്. പത്തു വർഷം തുടർച്ചയായി സർവീസുള്ളവരെ മാനുഷിക പരിഗണനയിൽ സ്ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിന്റെ മറവിലാണ് സ്‌കോൾ കേരളയിലും നടപടി. എന്നാൽ സ്‌കോൾ കേരളയിൽ സ്ഥിരപ്പെടുത്തുന്നവർക്ക് 10വർഷത്തെ തുടർച്ചയായ സർവീസില്ല. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കരാർ ജോലിയിൽ പ്രവേശിച്ചവരാണിവർ. തുടർന്നു വന്ന യു.ഡി.എഫ് സർക്കാർ പരിച്ചുവിട്ട ഇവരെ ഈ സർക്കാർ തിരിച്ചെടുക്കുകയായിരുന്നു. അഞ്ചുവർഷത്തിന് ശേഷം പിരിച്ചുവിട്ടതോടെ തുടർച്ചയായുള്ള സർവീസ് നഷ്ടമായി. കോടതി ഉത്തരവും ജീവനക്കാർക്ക് തുടർച്ചയായി പത്തുവർഷം സർവീസ് ഇല്ലാത്തതും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യം ഫയൽ മടക്കിയത്. സ്ഥിരപ്പെടുത്തൽ പട്ടികയിലുള്ളവർ ഏറെയും ഇടതുപക്ഷനേതാക്കളുടെ ബന്ധുക്കളാണെന്ന ആക്ഷേപവുമുണ്ട്.