valentines-day

സൂര്യപ്രകാശമില്ലാതെ ഒരു പൂവിന് വിരിയാനാകില്ലെന്നതുപോലെ സ്നേഹമില്ലാതെ മനുഷ്യന് ജീവിക്കാൻ കഴിയില്ലെന്ന് ലോകപ്രശസ്ത ഭാഷാതത്ത്വജ്ഞൻ മാക്സ് മുള്ളർ പറഞ്ഞിട്ടുണ്ട്. ഓരോ വാലന്റൈൻസ് ദിനവും ഒരു ഓർമ്മ പുതുക്കൽ കൂടിയാണ്. ചിലർക്ക് കഴിഞ്ഞുപോയ കാലത്തേക്കും നഷ്ട പ്രണയത്തിലേക്കുമുള്ള സ്മരണകളിലേക്കൊരു കടന്നുചെന്നൽ കൂടിയാണിത്. വർണക്കടലാസിൽ പൊതിഞ്ഞ ഗിഫ്റ്റുകൾക്കും ചോക്ലേറ്റുകൾക്കും പൂക്കൾക്കുമപ്പുറം ഗൃഹാതുരത്വമുണർത്തുന്ന കാലത്തിലേക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ വാലന്റൈൻസ് ദിനവും. സിനിമകളെ വെല്ലുന്ന റൊമാന്റിക് ഫെയറിടേലുകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഹൃദയ സ്പർശിയായ ചില പ്രണയ കഥകളിലൂടെ...

valentines-day

 ഒരിക്കലും മറക്കില്ല....

ഈ ദമ്പതികളെ നിങ്ങൾ എപ്പോഴെങ്കിലും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കണ്ടിരിക്കാം. ഈ നാല് ചിത്രങ്ങൾ കാണുമ്പോൾ ആരുടെയും മനസൊന്ന് വിങ്ങും. ആരാണിവർ ? ഈ ചിത്രങ്ങൾക്ക് പിന്നിലെ കഥ അറിയാൻ ചിത്രങ്ങൾ കാണുന്ന ആർക്കും തീർച്ചയായും ആഗ്രഹം തോന്നും.

' ഞങ്ങളുടെ ഇഹ്സാൻ ആന്റിയും മുംതാസ് അങ്കിളും എല്ലാ മത്സരങ്ങളിലെയും പോലെ നാളെയും ഞങ്ങൾക്കൊപ്പമുണ്ടാകും. നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിലാണ്. ഞങ്ങൾ നിങ്ങളെ ഒരിക്കലും മറക്കില്ല....' കഴിഞ്ഞ ഡിസംബറിൽ തുർക്കിയിലെ ഫുട്ബോൾ ക്ലബായ ഫെനർബാഷെയുടെ ട്വിറ്റർ പേജിൽ കുറിച്ച വരികളാണിത്.

ഗാലറിയിൽ പതിവായി തങ്ങളുടെ മത്സരം കാണാനെത്തിയിരുന്ന മുംതാസ് അംക, ഭാര്യ ഇഹ്സാൻ ടെയ്‌സെ എന്നിവ‌ർക്ക് ആദരമർപ്പിച്ച് അവരുടെ രണ്ട് കൂറ്റൻ കാർഡ് ബോർഡ് ഫോട്ടോ കട്ടൗട്ടുകൾ ഗ്യാലറിയിൽ സ്ഥാപിച്ചിരിക്കുന്ന വീഡിയോയും ഫെനർബാഷെ പുറത്തുവിടുകയുണ്ടായി. കൊവിഡ് മൂലം സ്റ്റേഡിയങ്ങളിൽ കാണികളെ പ്രവേശിക്കാതെ മത്സരങ്ങൾ തുടങ്ങിയ സമയമായിരുന്നു അത്. കാണികളില്ലെങ്കിലും സ്റ്റേഡിയത്തിൽ തങ്ങൾക്ക് ഊർജം പകരാൻ ഇഹ്സാനും മുംതാസും വേണമെന്ന് ഫെനർബാഷെ ആഗ്രഹിച്ചിരുന്നു.

ഫെനർബാഷെ ടീമിന്റെ കടുത്ത ആരാധകരായിരുന്നു മുംതാസ് അംകയും ഭാര്യ ഇഹ്സാൻ ടെയ്‌സെയും. ഇസ്താംബുളിലെ സുക്രു സരകോഗ്ലു സ്റ്റേഡിയത്തിൽ ഇരുവരും പതിവായി മത്സരം കാണാനെത്തുമായിരുന്നു. ഇരുവർക്കും സ്ഥിരമായി ഇരിപ്പിടവും ഉണ്ടായിരുന്നു. വയസായിട്ടും തങ്ങളുടെ ഫുട്ബോൾ ആവേശത്തിൽ ഇരുവരും യാതൊരു വിട്ടുവീഴ്ചയും ചെയ്തില്ല. ഇരു കൈകളും ചേർത്തുപിടിച്ച് മുംതാസ് മുത്തച്ഛനും ഇഹ്സാൻ മുത്തശ്ശിയും സ്റ്റേഡിയത്തിൽ ഫെനർബാഷെയുടെ മത്സരം കാണാനെത്തുമായിരുന്നു. ഇരുവരുടെയും സാന്നിദ്ധ്യം ഏവർക്കും ആവേശമായിരുന്നു.

2013ൽ മുംതാസ് അന്തരിച്ചു. എന്നിട്ടും, മുംതാസിന്റെ ഓർമകളുമായി ഇഹ്സാൻ സ്റ്റേഡിയത്തിലെത്തി. തൊട്ടരികിൽ മുംതാസിന്റെ സീറ്റ് ഒഴിഞ്ഞു കിടന്നിരുന്നു. ഒടുവിൽ ഇക്കഴിഞ്ഞ ഡിസംബറിൽ ഇഹ്സാനും യാത്രയായി. ഇഹ്സാൻ വിടവാങ്ങി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഫെനർബാഷെ ദമ്പതികളുടെ കട്ടൗട്ടുകൾ സ്റ്റേഡിയത്തിൽ സ്ഥാപിച്ചത്.

valentines-day

 മാഞ്ജി എന്ന അത്ഭുതം

നിങ്ങൾക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് എപ്പോഴെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ടവർ നിങ്ങളോട് പറഞ്ഞിട്ടുണ്ടാകാം. അല്ലെങ്കിൽ, നിങ്ങൾ അവരോട് പറഞ്ഞിരിക്കാം. ഈ വരികളെ അക്ഷരംപ്രതി അന്വർത്ഥമാക്കുന്നതാണ് ' മൗണ്ടൻ മാൻ ' എന്നറിയപ്പെടുന്ന ദശരഥ് മാഞ്ജിയുടെ ജീവിതം. തന്റെ പ്രിയതമയ്ക്കായി ഒരു പർവതം തന്നെ പിളർന്നു ഈ മനുഷ്യൻ !

ബീഹാറിലെ ഗെഹ്‌ലോർ എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ മനുഷ്യനായിരുന്നു മാഞ്ജി. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഒരു കുന്നിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റു. സമയത്തിന് ആശുപത്രിയിലെത്തിക്കാൻ കഴിയാതെ പോയതിനാൽ മാഞ്ജിയ്ക്ക് തന്റെ ഭാര്യയെ നഷട്മായി. ഗ്രാമത്തിൽ ഉയർന്നു നിന്നിരുന്ന ഒരു പർവതം താണ്ടാനാകാതെ പോയതാണ് ഇതിന് കാരണം. ഭാര്യയെ നഷ്ടമായ മാഞ്ജി ചുറ്റികയും ഉളിയും ഉപയോഗിച്ച് പർവത്തിലെ കല്ലുകൾ ഓരോന്നായി പിളർന്നു.

പലരും തന്നെ സൈക്കോപാത്തെന്നും മറ്റും വിളിച്ച് കളിയാക്കിയെങ്കിലും മാഞ്ജി അത് കണക്കാക്കിയില്ല. ഗ്രാമത്തെ അടുത്തുള്ള നഗരവുമായി ബന്ധിപ്പിക്കുന്ന തരത്തിൽ 400 അടി നീളത്തിലും 30 അടി വീതിയിലും ഒരു വഴി അങ്ങനെ വെട്ടിയുണ്ടാക്കി. ഇതിന് വേണ്ടി വന്നത് നീണ്ട 22 വർഷങ്ങൾ ( 1960 - 1982 ). തനിക്ക് ഭാര്യയെ നഷ്ടമായത് പോലെ കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാത്തതിന്റെ പേരിൽ തന്റെ ഗ്രാമത്തിലുള്ള ആർക്കും അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമാകരുത് എന്നായിരുന്നു മാഞ്ജിയുടെ ഏക ലക്ഷ്യം. 2007ൽ മാഞ്ജി അന്തരിച്ചു.


valentines-day

 താജ്മഹൽ പണിത ഫൈസുൽ

പ്രണയത്തിന്റെ പ്രതീകമായി ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്ന വിസ്മയമാണ് ഇന്ത്യയുടെ സ്വന്തം താജ് മഹൽ. മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ തന്റെ പ്രിയ പത്നി മുംതാസിന്റെ ഓർമയ്ക്കായി താജ് മഹൽ നിർമിച്ചത് പോലെ വിരമിച്ച പോസ്റ്റ് മാസ്റ്റർ ആയ ഫൈസുൽ ഹസൻ ക്വാദ്രിയും തന്റെ ഭാര്യയുടെ സ്മരണയ്ക്കായി ' മിനി താജ് മഹൽ ' നിർമ്മിക്കുകയുണ്ടായി.

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് പ്രണയത്തിന്റെ പ്രതീകമായ ഈ ചെറു താജ് മഹലിന്റെ സ്ഥാനം. ഭാര്യ തജാമ്മുലി ബീഗത്തിന്റെ ഓർമയ്ക്കായാണ് ഫൈസുൽ ഇത് പണികഴിപ്പിച്ചത്. ബീഗത്തിന് 14 വയസ്സുള്ളപ്പോഴാണ് ഫൈസുലിനെ വിവാഹം കഴിച്ചത്. ബീഗത്തിനെ ഉറുദു എഴുതാനും വായിക്കാനും പഠിപ്പിച്ചത് ഫൈസുൽ ആണ്.

തങ്ങൾക്ക് മക്കൾ ഇല്ലാത്തതിനാൽ മരണ ശേഷം തങ്ങളെ ആരും ഓർമ്മിക്കില്ലെന്ന തോന്നൽ ബീഗത്തിനുണ്ടായിരുന്നു. 2011ൽ ക്യാൻസർ ബാധിതയായി ബീഗം മരിച്ചതോടെ അവരുടെ ഓർമ്മ എന്നും നിലനിറുത്താനായാണ് ഫൈസുൽ സ്മാരകം പണിതത്. 58 വർഷത്തിലേറെ ഒരുമിച്ച് ജീവിച്ച ബീഗം തന്നെവിട്ട് പോയെങ്കിലും അവരുടെ ഓർമ്മകൾ എന്നും തന്നിലൂടെ ജീവിക്കുമെന്ന് ഫൈസുൽ പറഞ്ഞിരുന്നു. 2018ൽ ഒരു റോഡപകടത്തിൽ 83ാം വയസിൽ ഫൈസുലും അന്തരിച്ചു. തന്റെ ' താജ് മഹലിൽ ' പ്രിയതമയ്ക്കരികിലാണ് ഫൈസുലിന്റെയും അന്ത്യവിശ്രമം.

valentines-day

 ഒരുമിച്ച് ജീവിച്ചു, ഒരുമിച്ച് യാത്രയായി

ഒരുമിച്ച് ജീവിച്ച അവർ ഒടുവിൽ ഒരുമിച്ച് യാത്രയായി. കാലിഫോർണിയ സ്വദേശികളായ ഹെലനും ലെസ് ബ്രൗണും ... ശരിക്കും അവിശ്വസനീയമായിരുന്നു ഇരുവരുടെയും ജീവിതം. ഇരുവരും ജനിച്ചത് 1918 ഡിസംബർ 31ന് ആയിരുന്നു. ഇരുവരും പഠിച്ചത് ഒരേ സ്കൂളിൽ. അവിടെ നിന്നാണ് ഇരുവരുടെയും പ്രണയം മൊട്ടിട്ടതും. മാതാപിതാക്കളുടെ കടുത്ത എതിർപ്പിനെ തുടർന്ന് ഒളിച്ചോടി വിവാഹിതരായ ഇവർ 75 വർഷം ഒരുമിച്ച് ജീവിച്ചു. ഒരുപാട് യാത്രകൾ പോയി. മക്കളും ചെറുമക്കളുമായി സന്തോഷത്തോടെ കഴിഞ്ഞു. അവസാന നാളുകളിൽ പാർക്കിൻസൺസ് രോഗം ബാധിച്ച ലെസ് കോമയിലേക്ക് വഴുതി വീണു. ഹെലനാകട്ടെ ക്യാൻസറിന്റെ പിടിയിലമരുകയായിരുന്നു. 2013 ജൂലായ് 16ന് ഹെലൻ മരിച്ചു. ഹെലന്റെ മരണ വാർത്ത അറിയാതെ കഴിഞ്ഞ ലെസ് തൊട്ടടുത്ത ദിവസം മരണത്തിന് കീഴടങ്ങി. മരിക്കുമ്പോൾ ഇരുവർക്കും 94 വയസായിരുന്നു പ്രായം.