
തുടർച്ചയായ ഇന്ധന വിലവർദ്ധനയിൽ പിടയുന്ന ജനങ്ങൾക്ക് ഇരട്ട പ്രഹരമെന്ന നിലയ്ക്കാണ് വിമാനനിരക്കിൽ വരുത്തുന്ന മാറ്റങ്ങൾ. ആഭ്യന്തര സർവീസുകളിൽ പത്തുശതമാനം മുതൽ മുപ്പതു ശതമാനം വരെ നിരക്കു വർദ്ധനയ്ക്കാണ് കേന്ദ്ര വ്യോമയാനവകുപ്പ് അനുമതി നൽകിയിരിക്കുന്നത്. പറക്കൽ സമയം കണക്കാക്കി നിരക്കിൽ വ്യത്യാസമുണ്ടാകും. നാല്പതു മിനിട്ടു കൊണ്ടു എത്താവുന്ന ദൂരത്തിലാണ് യാത്രയെങ്കിൽ ഏറ്റവും കുറഞ്ഞത് 200 രൂപ അധികം നൽകേണ്ടിവരും. തിരക്കു കൂടുതലാണെങ്കിൽ വർദ്ധന 1800 രൂപ വരെയാകാം. ഇതുപോലെ പറക്കൽ സമയം കൂടുന്നതിനനുസരിച്ച് നിരക്കും ഉയർന്നു കൊണ്ടേയിരിക്കും. ഏറെ ദൂരമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരാണ് നിരക്കു വർദ്ധനയുടെ ഭാരം ഏറ്റവുമധികം താങ്ങേണ്ടിവരുന്നത്. ഉദാഹരണത്തിന് ഡൽഹി - തിരുവനന്തപുരം യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്കു വർദ്ധന 700 രൂപയും കൂടിയത് 5600 രൂപയുമാണ്. വിമാനത്താവളത്തിൽ നൽകേണ്ടിവരുന്ന വിവിധയിനം സേവന ഫീസുകൾ ഇതിനു പുറമെയാണ്. ചുരുക്കത്തിൽ ഏതു സ്ഥലത്തേക്കുമുള്ള വിമാനക്കൂലിയിൽ ഏറിയും കുറഞ്ഞും വർദ്ധന വരുമെന്നു തീർച്ച. മാർച്ച് 31വരെയുള്ള യാത്രകൾക്കാണ് പുതിയ നിരക്കുകൾ ബാധകമെന്നാണു പറയുന്നതെങ്കിലും വിമാന സർവീസുകൾ കൊവിഡ് മഹാമാരിക്കു മുൻപുള്ള നിലയിലേക്കു അതിനകം മടങ്ങിയെത്തുന്നില്ലെങ്കിൽ വർദ്ധിപ്പിച്ച നിരക്കുകൾ തുടരുമെന്ന സൂചനയുമുണ്ട്. കൊവിഡ് രാജ്യത്തിന്റെ കുറച്ചു ഭാഗങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ പല സെക്ടറുകളിലും തുടരുകയാണ്. അതിനാൽ നിരക്കു വർദ്ധനയിൽ നിന്നുള്ള മോചനം ഉടനെയൊന്നും നടക്കുമെന്നു തോന്നുന്നില്ല.
സാധാരണ വാഹന ഉടമകളെപ്പോലെ തന്നെ വിമാന കമ്പനികളെയും ഇന്ധനവില വർദ്ധന കാര്യമായി വലയ്ക്കുന്നുണ്ടെന്നുള്ളത് പരമാർത്ഥമാണ്. വിമാനങ്ങളുടെ പ്രവർത്തനച്ചെലവിൽ നാല്പത്തഞ്ചു ശതമാനവും ഇന്ധനം വാങ്ങുന്നതിനു വേണ്ടിയാണ്. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും നിരന്തരം വില കൂടുന്നതുപോലെ വിമാന ഇന്ധന വിലയും എതാനും മാസങ്ങൾക്കിടയ്ക്ക് ആകാശം മുട്ടെ ഉയർന്നിട്ടുണ്ട്. അതുതന്നെ ഓരോ നഗരത്തിലും വലിയ വ്യത്യാസവുമുണ്ട്. ഒരു കിലോലിറ്റർ വിമാന ഇന്ധനത്തിന് മുംബയിൽ 51900 രൂപയാണെങ്കിൽ കൊൽക്കത്തയിൽ 58181 രൂപ നൽകേണ്ടിവരും. ഡൽഹിയിൽ 53795 രൂപയാണെങ്കിൽ ചെന്നൈയിൽ 54845 രൂപ നൽകണം. ഓരോ തവണയും രണ്ടായിരവും മൂവായിരവും എന്ന മട്ടിലാണ് വിമാനഇന്ധനത്തിന് വില കൂടുന്നത്. മുപ്പതിനായിരവും മുപ്പത്തയ്യായിരവുമൊക്കെ വില ഉണ്ടായിരുന്നിടത്താണ് ഇപ്പോൾ അരലക്ഷത്തിനു മേലായിരിക്കുന്നത്. എല്ലാ കാര്യത്തിലുമെന്നപോലെ വിമാന ഇന്ധനത്തിനു വില കൂടിയാലും അതിന്റെ ഭാരം ആത്യന്തികമായി പതിക്കുന്നത് വിമാനയാത്ര നടത്തുന്ന ജനങ്ങളുടെ തലയിലാണ്. മഹാമാരിയുടെ ഫലമായുണ്ടായ സാമ്പത്തികത്തകർച്ചയുടെ നാനാവിധ ദുരിതങ്ങൾ നേരിടുന്ന ജനങ്ങൾക്ക് ഇപ്പോഴത്തെ കണ്ണിൽ ചോരയില്ലാത്ത ഇന്ധന വിലക്കയറ്റം കുറച്ചൊന്നുമല്ല പ്രയാസങ്ങളുണ്ടാക്കുന്നത്. അന്താരാഷ്ട്ര എണ്ണ വിപണിയിലുണ്ടായ വിലക്കുറവിന്റെ ആനുകൂല്യത്തിൽ ചെറിയൊരു ഭാഗമെങ്കിലും ജനങ്ങളിലേക്കു പകരേണ്ടതിനു പകരം അക്ഷരാർത്ഥത്തിൽ അവരെ കൊള്ളയടിക്കാനാണ് കേന്ദ്രവും എണ്ണക്കമ്പനികളും കൂടി ശ്രമിക്കുന്നത്. ഒരു ന്യായീകരണവുമില്ലാത്ത തോതിലാണ് നിത്യേന വരുത്തിക്കൊണ്ടിരിക്കുന്ന ഇന്ധനവില നിർണയം.
വിമാനയാത്ര ആഡംബരമായി കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പണക്കാരും ഉദ്യോഗസ്ഥ മേധാവികളും രാഷ്ട്രീയ നേതാക്കളുമാണ് പതിവായി വിമാനയാത്ര നടത്തിക്കൊണ്ടിരുന്നത്. ഇന്നു സ്ഥിതി അതല്ല. സാധാരണക്കാർക്കും വിമാനയാത്ര അത്യന്താപേക്ഷിതമായി മാറിയിരിക്കുന്നു. യാത്രക്കാരുടെ ബാഹുല്യത്തിന് ആനുപാതികമായി വിമാനക്കമ്പനികൾ വളരേണ്ടതാണ്. എന്നാൽ നിരക്കു നിർണയത്തിലെ അപാകതകളും നിരന്തരം വരുത്തുന്ന നിരക്കു മാറ്റവും യാത്രക്കാരെ വിമാനയാത്രകളിൽ നിന്നു പലപ്പോഴും പിന്തിരിപ്പിക്കുകയാണ്. താങ്ങാവുന്ന നിരക്ക് ഏർപ്പെടുത്തിയാൽ കൂടുതൽ പേർ വിമാനയാത്രയ്ക്കു തന്നെയാകും മുൻഗണന നൽകുക. അത്തരത്തിലൊരു നയാവിഷ്കാരം വേണമെന്ന് കേന്ദ്ര വ്യോമയാന വകുപ്പോ രാജ്യത്തെ വിമാനക്കമ്പനികളോ ചിന്തിക്കുന്നില്ല. യാത്രയ്ക്കു തയ്യാറായി വരുന്നവന്റെ പോക്കറ്റ് കാലിയാക്കാനുള്ള എളുപ്പവഴിയാണ് നോക്കുന്നത്. ഉത്സവകാലങ്ങളിലാകട്ടെ കുത്തിക്കവർച്ചയ്ക്കും ഒരുങ്ങുന്നു. പറക്കൽ സമയവും ദൂരവുമൊന്നും അപ്പോൾ മാനദണ്ഡങ്ങളേയല്ല. കമ്പനികൾ നിശ്ചയിക്കുന്നതാണ് നിരക്ക്. ഒരു മണിക്കൂർ യാത്രയ്ക്കുപോലും നിലവിലുള്ള നിരക്കിന്റെ അഞ്ചും പത്തും ഇരട്ടി നൽകേണ്ടിവരുന്നു. കഴുത്തറുത്ത് വാങ്ങിക്കൂട്ടിയിട്ടും പൊതുമേഖലാ വിമാനക്കമ്പനികൾ വർഷങ്ങളായി നഷ്ടത്തിലാണ്. 55000 കോടി രൂപയുടെ കടബാദ്ധ്യതയുമായി നിൽക്കുന്ന എയർ ഇന്ത്യ വില്പനയ്ക്കു വച്ചിട്ട് എടുക്കാൻ ആരും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. വ്യോമയാന നയത്തിലെ പാപ്പരത്തം വിളിച്ചോതുന്നതാണ് എയർ ഇന്ത്യ നേരിടുന്ന ദുരന്തം.
എന്തുവന്നാലും ഇന്ധനവില കുറയ്ക്കുകയില്ലെന്ന കടുത്ത നിലപാടിലാണ് കേന്ദ്രം. അതിനാൽ എല്ലാത്തരം യാത്രകൾക്കും കൂടുതൽ പണം നൽകാൻ ജനങ്ങൾ തയ്യാറാകേണ്ടിവരും. വിമാന നിരക്കിനു പിന്നാലെ ബസ് നിരക്കും ട്രെയിൻ നിരക്കുമൊക്കെ കുതിച്ചുയരാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. തിരഞ്ഞെടുപ്പു നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ തത്കാലം നിരക്കു വർദ്ധനയുടെ ഭാരം ഒരുപക്ഷേ അനുഭവിക്കേണ്ടിവരില്ലെന്നു മാത്രം.