
കല്ലറ: കല്ലറ ജംഗ്ഷൻ കടന്നു പോകണമെങ്കിൽ മണിക്കൂറുകൾ കാത്തു കിടക്കണം. ടൗണിൽ അനുഭവപ്പെടുന്ന വലിയ ഗതാഗതക്കുരുക്കാണ് സുഗമമായ യാത്രയ്ക്ക് തടസമാകുന്നത്. അശാസ്ത്രീയ പാർക്കിംഗും സ്ഥല പരിമിതിയുമാണ് ഗതാഗതക്കുരുക്കിന് കാരണം. ചന്ത ദിവസങ്ങളിൽ അനിയന്ത്രിതമായ തിരക്കാണുള്ളത്. വർഷങ്ങൾക്ക് മുൻപ് കല്ലറ സ്കൂൾ ജംഗ്ഷൻ മുതൽ ശ്രേയസ് ജംഗ്ഷൻ വരെയായിരുന്നു കല്ലറ ടൗൺ. നാട് വികസിച്ചപ്പോൾ നഗര പ്രദേശത്തിന്റെ വലിപ്പവും കൂടി. എന്നാൽ റോഡിന്റെ വീതിയും മറ്ര് സൗകര്യങ്ങളും വർദ്ധിച്ചില്ല.
ഇപ്പോൾ ശരവണ ജംഗ്ഷൻ മുതൽ കല്ലറ പഴയചന്ത ജംഗ്ഷൻ വരെ കടകളും കെട്ടിട സമുച്ചയങ്ങളും ഉയർന്നിട്ടുണ്ട്. പൊതു ചന്ത, സിവിൽ സ്റ്റേഷൻ,ബസ് ഓട്ടോ ടാക്സി സ്റ്റാൻഡുകൾ, കല്ലറ സ്കൂൾ,സർക്കാർ സ്ഥാപനങ്ങൾ എന്നിവയെല്ലാം കല്ലറയിലുണ്ട്.മൊത്ത വിതരണ കടകളുൾപ്പെടെയുള്ള ജംഗ്ഷനിൽ പലപ്പോഴും ലോറികളിൽ സാധനം ഇറക്കാനുണ്ടാകും. ഈ സമയം മറ്റൊരു വലിയ വാഹനം കടന്നുവന്നാൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടാകും. നൂറ് കണക്കിന് ഓട്ടോറിക്ഷകളും ടാക്സി വാഹനങ്ങളും ഉൾക്കൊള്ളുന്ന സ്റ്റാൻഡ് ഈ റോഡിന്റെ വശത്താണുള്ളത്.ഓട്ടോകളുടെ എണ്ണം കൂടിയതോടെ മൂന്ന് സ്ഥലങ്ങളിലായാണ് ഇപ്പോൾ സ്റ്റാൻഡ്
അനുവദിച്ചിരിക്കുന്നത്. എന്നാലും ഗതാഗതക്കുരുക്കിന് ശമനമൊന്നുമില്ല.പ്രശ്നം അടിയന്തരമായി പരിഹരിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വ്യാപാരികൾ പെട്ടു
ഗതാഗത കുരുക്കിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് വ്യാപാരികളാണ്.വാഹനങ്ങൾ പാർക്ക് ചെയ്തു സാധനങ്ങൾ വാങ്ങാൻ കഴിയുന്ന സ്ഥലങ്ങളിലേക്ക് ഉപഭോക്താക്കൾ പോകുന്നു. പലപ്പോഴും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർ വാഹനങ്ങൾ ദൂരെ പാർക്ക് ചെയ്യണം.
മാർക്കറ്റ് ദിവസങ്ങൾ കുരുക്ക് മുറുകും
കല്ലറ ചന്ത പ്രവർത്തിക്കുന്ന തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് പതിന്മടങ്ങാണ് .മുൻപ് സ്കൂൾ പ്രവൃത്തി ദിവസങ്ങളിലും വലിയ തിരക്കായിരുന്നു. റോഡ് മുറിച്ചു കടക്കുന്ന കുട്ടികൾക്ക് അപകടവും സംഭവിച്ചിട്ടുണ്ട്. റോഡിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ പൊലീസിന്റെ മുഴുവൻ സമയ സേവനം ആവശ്യമാണ്.