prabhas

തെലുങ്കിലെ സൂപ്പർ താരങ്ങളായ പ്രഭാസും മഹേഷ്‌ബാബുവും ബോളിവുഡിൽ അങ്കം കുറിക്കാനൊരുങ്ങുന്നു. ബോളിവുഡിലെ അരങ്ങേറ്റ ചിത്രങ്ങളിൽ ഇരുവരും ശ്രീരാമന്റെ വേഷമാണ് അവതരിപ്പിക്കുന്നതെന്നാണ് ഏറെ ശ്രദ്ധേയം.

ടി സീരീസ് നിർമ്മിക്കുന്ന ആദിപുരുഷ് എന്ന ചിത്രത്തിലൂടെയാണ് പ്രഭാസിന്റെ ബോളിവുഡ് അരങ്ങേറ്റം. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രഭാസ് ശ്രീരാമന്റെ വേഷത്തിലെത്തുമ്പോൾ ബോളിവുഡ് താരം സെയ്‌ഫ് അലിഖാനാണ് രാവണന്റെ വേഷമവതരിപ്പിക്കുന്നത്.ആദിപുരുഷന്റെ ചിത്രീകരണം പുരോഗമിക്കവേ തെലുങ്കിലെ മറ്റൊരു സൂപ്പർ താരം മഹേഷ് ബാബുവിനെ ഹൃത്വിക്ക് റോഷൻ നായകനാകുന്ന തന്റെ രാമായൺ എന്ന ചിത്രത്തിൽ ശ്രീരാമനായഭിനയിക്കാൻ ചിത്രത്തിന്റെ നിർമ്മാതാവായ മധു മണ്ടേന ക്ഷണിച്ചുകഴിഞ്ഞു. ഹൃത്വിക്ക് റോഷൻ രാവണനായി അഭിനയിക്കുന്ന ചിത്രത്തിൽ സീതയായി അഭിനയിക്കുന്നത് ദീപിക പദുക്കോണാണ്.

മൂന്ന് വർഷം മുൻപ് അനൗൺസ് ചെയ്ത പ്രോജക്ടാണ് രാമായണ. തെലുങ്കിലെ മുൻനിര നിർമ്മാതാവായ അല്ലു അരവിന്ദായിരുന്നു അന്ന് ചിത്രത്തിന്റെ സഹനിർമ്മാതാവ്. പക്ഷേ, ഒരു ബ്രഹ്മാണ്ഡ ചിത്രമൊരുക്കാനുള്ള സാമ്പത്തികാടിത്തറ മധു മണ്ടേനക്കില്ലെന്ന കാരണത്താൽ, രാമായണിൽ നിന്ന് അല്ലു അരവിന്ദ് പിന്മാറുകയായിരുന്നു. നിധീഷ് തിവാരിയാണ് രാമായൺ സംവിധാനം ചെയ്യുന്നത്.

മഹേഷ്‌ബാബുവിന്റെ പുതിയ ചിത്രമായ മേജർ തെലുങ്കിനൊപ്പം ഹിന്ദിയിലും ചിത്രീകരിക്കുന്നുണ്ട്. കീർത്തി സുരേഷ് നായികയാകുന്ന സർക്കാരുവാരി പാട്ടയിലാണ് മഹേഷ് ബാബു ഇപ്പോൾ അഭിനയിക്കുന്നത്.

എഴുപത്തിയഞ്ച് കോടി മുടക്കി ഒരുക്കിയ മഹേഷ് ബാബുവിന്റെ ഒടുവിൽ റിലീസ് ചെയ്ത ചിത്രമായ സാരിലേരു നീക്കേവാരു എന്ന ചിത്രം ബോക്സോഫീസിൽ ഇരുന്നൂറ്റി അറുപത് കോടിയോളം കളക്ട് ചെയ്തിരുന്നു. മുൻ മിസ് ഇന്ത്യയും എഴുപുന്നത്തരകൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയായ നമ്രതാ ശിരോദ്‌ക്കറാണ് മഹേഷ് ബാബുവിന്റെ ഭാര്യ. മഹേഷ്‌ബാബുവിന്റെ സഹോദരി മഞ്ജുള മലയാളത്തിൽ സമ്മർ ഇൻ ബത്‌ലഹേമിലഭിനയിച്ചിട്ടുണ്ട്.

പ്രഭാസിന്റെ രാധേ ശ്യാം എന്ന ചിത്രവും തെലുങ്കിനൊപ്പം ഹിന്ദിയിലും ചിത്രീകരിക്കുന്നുണ്ട്. കന്നഡയിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന സലാറാണ് പ്രഭാസ് അഭിനയിച്ചുകൊണ്ടിരിക്കുന്ന മറ്റൊരമു ചിത്രം.

പ്രഭാസിന് ലോകമെമ്പാടും ആരാധകരെ സമ്മാനിച്ച ബാഹുബലി സീരീസിന് ശേഷം തിയേറ്ററുകളിലെത്തിയ സഹോ ശരാശരി വിജയമേയായുള്ളൂ. മുന്നൂറ്റി അമ്പത് കോടി ബഡ്‌ജറ്റിലൊരുങ്ങിയ ചിത്രം ബോക്സോഫീസിൽ നിന്ന് നേടിയത് നാനൂറ്റി മുപ്പത്തിമൂന്ന് കോടിയാണ്.