1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയിലെ 52 എൽ.പി വിദ്യാലയങ്ങളിലെയും 26 യു.പി വിദ്യാലയങ്ങളിലെയും കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കുന്ന ലാബ് അറ്റ് ഹോം പദ്ധതിയുടെ ഭാഗമായി അദ്ധ്യാപക ശില്പശാലകൾ സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഠന പോഷണപരിപാടിയിൽ ഉൾപ്പെടുത്തി സമഗ്ര ശിക്ഷാ കേരളയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ കേന്ദ്രങ്ങളിലാണ് ശില്പശാല നടത്തിയത്. ഊരുട്ടുകാല എം.ടി.എച്ച്.എസിൽ നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ. എം.എ. സാദത്ത് ഉദ്ഘാടനം ചെയ്തു.

കൊവിഡ് 19 മഹാമാരി കുട്ടികളിലുണ്ടാക്കിയ പഠന വിടവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. യു.പി വിഭാഗം കുട്ടികളുടെ വീട്ടിൽ ശാസ്ത്രലാബും, സാമൂഹ്യ ശാസ്ത്രലാബും സജ്ജമാക്കുന്നതോടൊപ്പം എൽ.പി ,യു.പി വിഭാഗം കുട്ടികളുടെ വീട്ടിൽ ഗണിതശാസ്ത്ര ലാബും സജ്ജമാക്കും. നേരത്തെ നടപ്പിലാക്കിയ ഗണിതവിജയം, ഉല്ലാസ ഗണിതം എന്നീ പദ്ധതികളുടെ തുടർച്ചയായി വിവിധ ക്ലാസുകളിലെ അടിസ്ഥാന ഗണിതശേഷികൾ വികസിപ്പിക്കുന്നതിനുള്ള പഠനോപകരണങ്ങൾ ഉൾപ്പെടുന്ന ഒരു കിറ്റ് ഇതിന്റെ ഭാഗമായി കുട്ടികളുടെ വീടുകളിലെത്തിക്കും. ബ്ലോക്ക് പ്രോജക്ട് കോ - ഓർഡിനേറ്റർ എം. അയ്യപ്പൻ അദ്ധ്യക്ഷനായി. റിസോഴ്സ് ഗ്രൂപ്പംഗങ്ങളായ എ.എസ്. മൻസൂർ, സോണിയ, ദീപ, സുജിതാ റാണി, ജയ, ലോബോ എം. ശാന്തി എന്നിവർ പങ്കെടുത്തു.