1

നെയ്യാറ്റിൻകര: കമുകിൻകോട് വിശുദ്ധ അന്തോണിസ് ദേവാലയത്തിലെ തിരുസ്വരൂപ പ്രദക്ഷിണം ഇന്ന് വൈകിട്ട് നടക്കും. കൊവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ മൂന്ന് തിരുസ്വരൂപങ്ങൾ മാത്രമേ പ്രദിക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. വാഹനങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന തിരുസ്വരൂപങ്ങൾ വൈകിട്ട് 6 ന് നടക്കുന്ന ദിവ്യബലിക്ക് ശേഷം ദേവാലയത്തിൽ നിന്ന് കൊടങ്ങാവിളയിലേക്കും തുടർന്ന് അവണാകുഴിയിലേക്കും പ്രദക്ഷിണം പോകും. വഴിയിൽ ഹാരാർപ്പണം ഒഴിവാക്കിയിട്ടുണ്ട്. ഇടവകയിലെ വിശുദ്ധ യൗസേപ്പിതാവർഷ പ്രഖ്യാപന ചടങ്ങുകൾക്ക് പാറശാല രൂപതയിലെ നെയ്യാറ്റിൻകര വൈദിക ജില്ലാ വികാരി ഫാ. ആന്റണി പ്ളാപ്പള്ളിൽ നേതൃത്വം നൽകി. ഇടവകയിൽ പുതുതായി സ്ഥാപിച്ച യൗസേപ്പിതാവിന്റെ തിരുസ്വരൂപം അദ്ദേഹം ആശീർവദിച്ചു. ഞായറാഴ്ച രാവിലെ 9 ന് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ മുഖ്യ കാർമ്മികത്വം വഹിക്കും.