kayar-sangam

വക്കം: തെങ്ങിന്റെയും കയറിന്റെയും നാടായ വക്കത്തെ കയ‌ർ സൊസൈറ്റികൾക്ക് അവഗണനയുടെ കത്രികപ്പൂട്ട്. മിക്ക സൊസൈറ്റികളും സ്ഥിരമായി താഴുവീണ അവസ്ഥയിലാണ്. വക്കം അണയിൽ കയർ സൊസൈറ്റി, അകത്തുമുറി തെക്ക് കയർ വ്യവസായസംഘം, മണനാക്ക് കയർ സൊസൈറ്റി, വക്കം നോർത്ത് വെസ്റ്റ് കയർസംഘം, ഇറങ്ങുകടവ് കയർ സംഘം എന്നിവയുൾപ്പടെ 5 കയർ സൊസൈറ്റികളാണ് മേഖലയിൽ പ്രവർത്തിച്ചിരുന്നത്. ഇതിൽ ഇറങ്ങുകടവ് സൊസൈറ്റി മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. എന്നാൽ ഈ സംഘവും അവഗണനയുടെ നടുവിൽ അന്ത്യശ്വാസം വലിക്കുകയാണ്.

അഞ്ച് സൊസൈറ്റികളിലുമായി ആയിരത്തോളം തൊഴിലാളികളാണ് ജോലി നോക്കിരുന്നത്. 200 ഓളം റാട്ടുകളും ഇവിടെ പ്രവർത്തിച്ചിരുന്നു. ഒരു റാട്ടിൽ കുറഞ്ഞത് ആറ് തൊഴിലാളികളെങ്കിലും ജോലി ചെയ്തിരുന്നു. എന്നാൽ കൈ കൊണ്ട് കറക്കുന്ന റാട്ട് മുതൽ യന്ത്രവത്കൃത റാട്ടുകൾ, തൊണ്ട് തല്ലാനും വൃത്തിയാക്കാനും ആധുനിക മെഷീനുകൾ എന്നിവയെല്ലാം ഇന്ന് നിശ്ചലമാണ്.

1950 മുതൽ 1987 വരെ വിവിധയിടങ്ങളിൽ ആരംഭിച്ച കയർ സൊസൈറ്റികളുടെ വളർച്ചയും തളർച്ചയും വക്കത്തിന്റെ വികസന പുരോഗതിയുടെയും ചരിത്രമാണ്. വീടുകൾ കേന്ദ്രീകരിച്ചും ചെറുകിടയൂണിറ്റുകൾ പ്രവർത്തിച്ചിരുന്നു. ഇവിടെ ജോലി തേടി മറ്റ് പ്രദേശങ്ങളിൽ നിന്നും തൊഴിലാളികൾ എത്തിയിരുന്നു. വക്കത്തെ പ്രധാന മാർക്കറ്റായ മങ്കുഴി മാർക്കറ്റ് രാത്രി വൈകിയും പ്രവർത്തിച്ചിരുന്നതും ഇന്ന് ഓർമ്മമാത്രമാണ്.

തിരിച്ചടി ഇങ്ങനെ....

അവഗണനയോടൊപ്പം അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവുമാണ് വക്കത്തെ കയർമേഖലയ്ക്ക് തിരിച്ചടിയായത്. കർമേഖലയെ പുനർജീവിപ്പിക്കാൻ അധികൃതർ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഇതൊന്നും പ്രതിസന്ധി മറികടക്കാൻ പര്യാപ്തമായിരുന്നില്ല. കയർ വ്യവസായം തകർന്നതോടെ സംരക്ഷണമില്ലാതെ പ്രദേശത്തെ തെങ്ങുകളും നശിച്ചു. കേരവൃക്ഷങ്ങളുടെ ഈറ്റില്ലമായിരുന്ന വക്കത്ത് ഗാർഹിക ആവശ്യങ്ങൾക്കുപോലും നാളികേരം ലഭിക്കാത്ത അവസ്ഥയാണ്. തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന നാളികേരളമാണ് ഇപ്പോൾ ഇവിടത്തുകാരുടെ ആശ്രയം.

പ്രവർത്തിച്ചിരുന്ന 05 സംഘങ്ങൾ

വക്കം അണയിൽ കയർ സൊസൈറ്റി

അകത്തുമുറി തെക്ക് കയർ വ്യവസായസംഘം

മണനാക്ക് കയർ സൊസൈറ്റി

വക്കം നോർത്ത് വെസ്റ്റ് കയർസംഘം

ഇറങ്ങുകടവ് കയർ സംഘം

"വക്കത്ത് കയർ മേഖലയ്ക്ക് പുതുജീവൻ നൽകാൻ, കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണം. മേഖലയുടെ പരമ്പരാഗത വ്യവസായത്തെ സംരക്ഷിക്കാൻ ക്രിയാത്മകമായ നടപടികളാണ് വേണ്ടത്. "

വക്കം മോഹൻ ദാസ്, അസി. സെക്രട്ടറി,

സി.പി.ഐ ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി