
തിരുവനന്തപുരം: പി.എസ്.സി ചെയർമാൻ സ്ഥാനത്തുനിന്നു വിരമിച്ച താൻ യാതൊരു വിധത്തിലുമുള്ള അധിക ആനുകൂല്യവും കൈപ്പറ്റിയിട്ടില്ലെന്ന് ഡോ. കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. പെൻഷൻ ആനുകൂല്യം അധികമായി കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി അതു തിരിച്ചുപിടിക്കാനുള്ള മന്ത്രിസഭാ തീരുമാനം കോടതിയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ വൈസ് ചാൻസലറായിരിക്കെ 2008 ഡിസംബർ 9ന് സ്വയം വിരമിക്കാൻ അപേക്ഷ നൽകി. അന്നത്തെ ഇടതുപക്ഷ സർക്കാർ അനുമതി നൽകിയില്ല. അതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. സ്വയം വിരമിക്കാനും അതനുസരിച്ചുള്ള ആനുകൂല്യങ്ങൾ നൽകാനും ഹൈക്കോടതി 2010 ഒക്ടോബർ10ന് ഉത്തരവിട്ടു. എന്നിട്ടും വിരമിക്കൽ ആനുകൂല്യം നൽകിയില്ല. ഇതിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയതോടെയാണ് സർക്കാർ നടപടി സ്വീകരിച്ചത്. 2013 മേയ് 29ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പെൻഷൻ ഉൾപ്പെടെയുള്ള സർവീസ് ആനുകൂല്യങ്ങൾ അനുവദിച്ചത്.
2008 ഡിസംബർ 9 മുതൽ പി.എസ്.സി ചെയർമാനായി ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് വരെയുള്ള കാലയളവ് ശമ്പളമോ മറ്റാനുകൂല്യങ്ങളോ ഇല്ലാതെ നീട്ടിത്തരികയും സർക്കാർ സർവീസിൽ നിന്നു പി.എസ്.സി ചെയർമാനായി പ്രവേശിച്ചതായി കണക്കാക്കുകയും ചെയ്തിരുന്നു.
2016 ഒക്ടോബർ 30ന് പി.എസ്.സി ചെയർമാൻ സ്ഥാനത്തുനിന്നും വിരമിച്ചശേഷമാണ് പെൻഷൻ ആനുകൂല്യങ്ങൾ ലഭിച്ചത്.
തന്റെ സ്‌നേഹിതരും അന്നത്തെ മന്ത്രിമാരുമായ എം.എ. ബേബിയും തോമസ് ഐസക്കും ചേർന്നാണ് പെൻഷൻ ആനുകൂല്യങ്ങൾ അന്ന് നിഷേധിച്ചതെന്ന് രാധാകൃഷ്ണൻ ആരോപിച്ചു. ഇപ്പോഴും ഇടതുപക്ഷം വേട്ടയാടുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.