
തിരുവനന്തപുരം: ഗവേഷണരംഗത്തെ പ്രഗല്ഭർക്കുള്ള സർക്കാരിന്റെ കൈരളി റിസർച്ച് അവാർഡുകൾ പ്രഖ്യാപിച്ചു. ഡോ.എം.എസ്. വല്യത്താൻ (സയൻസ്), പ്രൊഫ. കെ.എൻ. പണിക്കർ (സോഷ്യൽ സയൻസ്) ഡോ. എം.ആർ. രാഘവ വാര്യർ (ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ്) എന്നിവർക്കാണ് കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും.
ഡോ. സ്‌കറിയ സക്കറിയ (ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ്), ഡോ. സാബു തോമസ് (സയൻസ്), ഡോ. സനൽ മോഹൻ (സോഷ്യൽ സയൻസ്) എന്നിവർക്കാണ് രണ്ടര ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്.
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഡോ.എം.ജെ.ജബീൻ ഫാത്തിമ (കെമിക്കൽ സയൻസ്), ഡോ. എസ്. ശ്രീലക്ഷ്മി (ബയോളജിക്കൽ സയൻസ്), ഡോ. അൻഷിത മയീൻ(ഫിസിക്കൽ സയൻസ്) എന്നിവർക്കുപുറമേ കേരള സർവകലാശാലയിലെ ഡോ. സുചേത ശങ്കറും (ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ്) കൈരളി ഗവേഷക പുരസ്‌കാരത്തിന് അർഹരായി. കാൽലക്ഷം രൂപയും പ്രശസ്തിപത്രവും രണ്ട് വർഷത്തേക്ക് റിസർച്ച് ഗ്രാന്റായി 4 ലക്ഷം രൂപയും ട്രാവൽ ഗ്രാന്റായി 75,000 രൂപയും ഇവർക്ക് ലഭിക്കും.
ഡോ.ജെ. ഫ്രാങ്ക്ളിൻ (കെമിക്കൽ സയൻസ്, സേക്രട്ട് ഹാർട്ട് കോളേജ്, തേവര), ഡോ.സുബോജ് ബേബികുട്ടി (ബയോളജിക്കൽ സയൻസ്, മാർ ഇവാനീയോസ് കോളേജ്, തിരുവനന്തപുരം), ഡോ. മധു എസ്. നായർ (ഫിസിക്കൽ സയൻസ്, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല), ഡോ. ദേവി സൗമ്യജ (സോഷ്യൽ സയൻസ് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല ), ഡോ.സന്തോഷ് മണിച്ചേരി,(ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ് ഗവ.ബ്രണ്ണൻ കോളേജ്, തലശ്ശേരി) എന്നിവർക്കാണ് ഗവേഷണ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും രണ്ടു വർഷത്തേക്ക് റിസർച്ച് ഗ്രാന്റായി 24 ലക്ഷം രൂപവരെയും ഇവർക്ക് ലഭിക്കും.
ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസസ് ഡയറക്ടറായിരുന്ന ഡോ. പി.ബലറാം അദ്ധ്യക്ഷനും ഡോ. പ്രഭാത് പട്നായിക്, ഡോ. ഇ.ഡി. ജെമ്മീസ്, കവി സച്ചിദാനന്ദൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്.