b

തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചും പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് തുടരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും കെ.എസ്.യു ജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ മൂന്നിടങ്ങളിൽ പ്രതിഷേധം തീർത്തതോടെ പൊലീസും വലഞ്ഞു. ലാത്തി വീശി പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിരിഞ്ഞുപോകാത്തതിനാൽ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചത് യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രവർത്തകർ പ്രകടനമായെത്തിയത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞതോടെ സമരക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ഇതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പിന്തിരിഞ്ഞ പ്രവർത്തകർ വീണ്ടും ബാരിക്കേഡിനടുത്തെത്തിയത് പൊലീസുമായി ഉന്തിനും തള്ളിനുമിടയാക്കി. പിന്നാലെ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. പിന്മാറിയ പ്രവർത്തകർ റോഡിന് നടുവിലേക്ക് നീങ്ങി പൊലീസിനുനേരെ നിലയുറപ്പിച്ചു. തുടർന്നാണ് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചത്.

ഇതോടെ, പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ ഒരു വിഭാഗം പ്രവർത്തകർ സെക്രട്ടേറിയറ്റ് ഗേറ്റിലേക്ക് പാഞ്ഞടുത്തു. ഇവർ കൈയിൽ കരുതിയിരുന്ന കൊടി കെട്ടിയ പൈപ്പ് ഉള്ളിലേക്ക് വലിച്ചെറിയാൻ തുടങ്ങി. ഇതേസമയം മറ്റൊരു വിഭാഗം റാങ്ക് ഹോൾഡേഴ്സിന്റെ സമരപ്പന്തൽ ഭാഗത്തെത്തി മതിൽ ചാടിക്കടക്കാൻ ശ്രമിച്ചു. ഏറെനേരം ബലം പ്രയോഗിച്ചതിന് ശേഷമാണ് ഇവരെ അവിടെനിന്ന് മാറ്രിയത്. അറസ്റ്റ് ചെയ്ത് നീക്കിയ പ്രവർത്തകരെ പിന്നീട് വിട്ടയച്ചു.

കെ.എസ്.യു ജില്ലാ പ്രസിഡന്റ് സെയ്ദാലി കായ്പ്പാടി, എൻ.എസ്.യു ദേശീയ സെക്രട്ടറി എറിക് സ്റ്റീഫൻ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് റിങ്കു പടിപ്പുരയിൽ, ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം, സെക്രട്ടറിമാരായ ടിനു പ്രേം, ബാഹുൽ കൃഷ്ണ,ആദർശ് ഭാർഗവൻ തുടങ്ങിയവർ നേതൃത്വം നൽകി.