
തിരുവനന്തപുരം: തെല്ലാലസ്യത്തിൽ പുലർകാലെ മിഴി തുറക്കാനും, രാത്രിയിലെ ശുഭനിദ്രയ്‌ക്ക് താളമിടാനും രാധാദേവിക്കൊരു നിഷ്ഠയുണ്ട്, 80 കൊല്ലമായി തുടരുന്ന ആ നിഷ്ഠയെ റേഡിയോ എന്ന് മറ്റുള്ളവർ വിശേഷിപ്പിക്കുമ്പോൾ തന്റെ പ്രാണനാണതെന്ന് പറഞ്ഞ് രാധാദേവി അവരെ തിരുത്തും. മേയിൽ നവതിയുടെ തിളക്കത്തിലാകുന്ന സി.എസ്. രാധാദേവിയുടെ ജീവിതം അത്രമേൽ റേഡിയോയുമായി ഇടകലർന്നിരിക്കുന്നു.
1942ൽ ട്രാവൻകൂർ റേഡിയോ നിലയത്തിൽ നാടക പരിപാടി അവതരിപ്പിക്കാനെത്തിയപ്പോൾ തുടങ്ങിയ ബന്ധമാണത്. 1949ൽ ആകാശവാണി സ്ഥാപിതമായതു മുതൽ സ്ഥിരം ആർട്ടിസ്റ്റായി. 'ചലച്ചിത്രനടി, പിന്നണി ഗായിക, ഡബ്ബിംഗ് ആർട്ടിസ്റ്റ് അങ്ങനെ എല്ലാമാണെങ്കിലും റേഡിയോ ആണ് അന്നുമിന്നും ഇഷ്ടം. വീട്ടിലുള്ള മറ്റുള്ളവർ ടി.വി കാണുമ്പോൾ ഞാൻ മുറി അടച്ചിരുന്ന് റേഡിയോ കേൾക്കും. എന്നെ മുന്നോട്ടു നയിക്കുന്നത് റേഡിയോയുടെ ഇരമ്പൽ കൂടിയാണെന്ന് പറയാം...'' മനസു നിറച്ച ചിരിയോടെ രാധാദേവി പറഞ്ഞുതുടങ്ങി.
ട്രാവൻകൂർ നിലയത്തിൽ ആദ്യം സിനിമാ പാട്ടിന്റെ ഈണത്തിൽ മറ്റ് പാട്ടുകളാണ് പാടിയിരുന്നത്. ആകാശവാണിയിലെത്തിയ ശേഷം തൃശൂർ പി. രാധാകൃഷ്ണനാണ് ലളിതഗാനം തുടങ്ങിയാലോ എന്ന് ചോദിച്ചത്. അങ്ങനെ രാധാദേവിയുടെ 'അഞ്ജന ശ്രീധരാ...' എന്ന ഗാനത്തോടെ ലളിതസംഗീത പരിപാടിക്കും തുടക്കമായി. 'ഓമനത്തിങ്കൾ കിടാവോ.." ഇന്നു കേൾക്കുന്ന രീതിയിൽ ആകാശവാണിയിലൂടെ ആദ്യം പാടിയതും രാധാദേവിയായിരുന്നു.
ആഴ്ചയിൽ കാൽ മണിക്കൂർ ലളിതഗാനം. പിന്നെ, നാടകം, കഥാപ്രസംഗം, നാടോടിപ്പാട്ട് കഥകളിപ്പദം അങ്ങനെ എന്തിനും റെഡി. അച്ഛനിൽ നിന്ന് (ശിവശങ്കരപ്പിള്ള) ഏഴാം വയസു മുതൽ ഇതെല്ലാം പഠിച്ചിരുന്നതിനാൽ അവതരണം എളുപ്പവുമായി.
അന്ന് എല്ലാം ലൈവായിരുന്നു. അവതരണത്തിലെ ത്രില്ലും അതായിരുന്നു. ഇപ്പോൾ പകുതിയും എടുത്തുകളയും.
ആകാശവാണി നാടകത്തിൽ അക്കാലത്ത് അഭിനയിക്കാൻ ഗസ്റ്റ് ആർട്ടിസ്റ്റായി സത്യനും പ്രേംനസീറും മിസ് കുമാരിയുമൊക്കെ എത്തിയിരുന്നു. റോഡിയോ കേൾക്കാൻ പാർക്കിൽ ആളുകൾ കൂടും. സ്ഥിരം പരിപാടി കേട്ടില്ലെങ്കിൽ 'എഴുത്തുപെട്ടി"യിലേക്ക് കത്തയയ്ക്കും. അഭിനന്ദനങ്ങളും വന്നിരുന്നു. എഫ്.എം റേഡിയോ കേൾക്കാറില്ല. പഴയ ആളായതുകൊണ്ടാകണം അതിനോട് ഇഷ്ടം കൂടുതൽ- കലർപ്പില്ലാതെ വീണ്ടും ചിരിച്ചു.
ടി.എൻ. ഗോപിനാഥൻനായരുടെ പരിവർത്തനം നാടകം കണ്ട് ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവും അമ്മ സേതു പാർവതിബായിയും 13-ാം വയസിൽ സമ്മാനിച്ച നേര്യതുമുതൽ 2018ൽ ലഭിച്ച സംഗീത നാടക അക്കാഡമി ഫെലോഷിപ്പുവരെ രാധാദേവിയുടെ കൈയിലുണ്ട്.