
തിരുവേനന്തപുരം: കൊവിഡ് മൂലം സെക്രട്ടേറിയറ്റ് ധനകാര്യ വിഭാഗത്തിൽ ജീവനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. 15 മുതൽ മുഴുവൻ ജീവനക്കാരും എല്ലാ പ്രവൃത്തി ദിവസവും ഹാജരാകണം. 50 ശതമാനം ജീവനക്കാരാണ് നിലവിൽ എത്തിയിരുന്നത്. 15ന് പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് തീരുമാനിക്കുന്ന കാര്യങ്ങൾ നടപ്പാക്കാൻ ധനകാര്യ വകുപ്പിന്റെ പ്രവർത്തനം പൂർണതോതിലാക്കേണ്ടതുണ്ട്.
ധനകാര്യ വകുപ്പിൽ ഭരണം ഇഴയുന്നത് ഭരണത്തെ മൊത്തത്തിൽ ബാധിക്കുന്നുണ്ട്. ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ ഫയലുകളിൽ കുരുങ്ങുകയാണ്. ഏത് സമയവും തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായേക്കാം. പൊരുമാറ്റച്ചട്ടം നിലവിൽ വന്നുകഴിഞ്ഞാൽ പിന്നെയൊരു വികസന പ്രവർത്തനവും നടക്കില്ല. അതുകൂടി മുന്നിൽ കണ്ടാണ് ധനകാര്യ വകുപ്പിന്റെ പ്രവർത്തനം പഴയ രീതിയിലാക്കുന്നത്.
സെക്രട്ടേറിയറ്റിൽ കൊവിഡ് രോഗികളുടെ എണ്ണത്തിന് കുറവില്ലെന്നാണ് സൂചന. കൊവിഡ് ബാധിക്കുന്ന വിഭാഗങ്ങളെല്ലാം അടച്ചിടുകയാണ്. ആഭ്യന്തര, കാർഷിക, അക്കൗണ്ട്സ്, എൽ.എസ്.ജി.ഡി വിഭാഗങ്ങളിലെല്ലാം കൊവിഡ് ബാധിതരുണ്ട്.
കുറിപ്പ് നൽകാൻ
ഹാജരാകണം
തിങ്കളാഴ്ച നടക്കുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ അജണ്ട കുറിപ്പുകൾ സമർപ്പിക്കേണ്ട വകുപ്പുകൾ ഇന്നും നാളെയും പ്രവർത്തിക്കാനും എല്ലാ ഉദ്യോഗസ്ഥരും ഹാജരാകാനും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിട്ടു. കുറിപ്പുകൾ നാളെ വൈകിട്ട് 3 ന് പൊതുഭരണ വകുപ്പിന് നൽകണം.