
തിരുവനന്തപുരം: നഗരഹൃദയത്തിലെ ചുവരുകളിൽ വർണചിത്രങ്ങളാൽ കൗതുകം തീർത്ത 'ആർട്ടീരിയ "മോഡൽ ഇനി ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ ചുവരുകൾക്കും മിഴിവേകും. നിരവധി വിനോദസഞ്ചാരികൾ എത്തുന്ന ശംഖുംമുഖം ടൂറിസം കേന്ദ്രത്തിനോട് ചേർന്നുള്ള ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ ചുവരുകളിലാണ് സംസ്ഥാനത്തെ പ്രശസ്തരായ 20 കലാകാരൻമാർ ചേർന്നൊരുക്കുന്ന 'ആർട്ട് വാൾ' തയ്യാറാകുന്നത്. ഫൈൻ ആർട്സ് കോളേജിൽ നിന്നും ചിത്രകലയിൽ ബിരുദം നേടിയവരാണ് ചിത്രരചനയുടെ പുതിയ സങ്കേതങ്ങളിലൂടെ നയനാനന്ദകരമായ ചിത്രങ്ങൾ കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്.
സഞ്ചാരികൾക്ക് കൗതുകം സമ്മാനിച്ച ആർട്ടീരിയയുടെ വിജയത്തോടെയാണ് മറ്റൊരു ചിത്ര ചുവര് കൂടി തലസ്ഥാന നഗരിയിൽ ഒരുങ്ങുന്നത്. ചിത്രങ്ങൾ മഴയും വെയിലുമേറ്റ് നശിച്ചുപോകാതിരിക്കാൻ മതിലിന് മുകളിൽ ചെറിയ ഷീറ്റ് മേൽക്കൂര സ്ഥാപിക്കുന്നുണ്ട്. കാൽനടക്കാർക്ക് ചിത്രങ്ങൾ കണ്ട് യാത്രചെയ്യാനായി ചുവരിനോട് ചേർന്ന് ഫുട്പാത്തും തയ്യാറായി വരികയാണ്. കൊവിഡ് കാലത്ത് മനുഷ്യൻ അനുഭവിച്ച കാര്യങ്ങളാണ് ഓരോ ചിത്രങ്ങളിലും പ്രമേയമായിട്ടുള്ളത്. അന്യസംസ്ഥാന തൊഴിലാളികളുടെ പലായനവും, ഗന്ധം അറിയാനുള്ള പരിശോധനയും, ആന്റിജൻ ടെസ്റ്റും, ക്വാറന്റൈനും, ഗൂഗിൾ മീറ്റുമെല്ലാം പ്രമേയങ്ങളാകും.
എൻ.എൻ. റിംസൺ, സജിത ആർ. ശങ്കർ, ശ്രീലാൽ, പ്രസന്ന കുമാർ, ജി. പ്രദീപ് പുത്തൂർ, ഒ.സുന്ദർ, ചന്ദ്രാനന്ദൻ, കാരായ്ക്കാമണ്ഡപം വിജയകുമാർ, ടി.കെ. ഹരീന്ദ്രൻ, എൻ.എം.വാണി, വി.എൻ. അജി, ജി. അജിത്ത് കുമാർ തുടങ്ങിയവരാണ് പങ്കെടുക്കുന്ന ചിത്രകാരന്മാർ. കൂടാതെ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ എട്ട് വിദ്യാർത്ഥികളും ഈ പദ്ധതിയുടെ ഭാഗമാണ്.
കൊവിഡ് കാലത്തെ വര
ടൈറ്റാനിയം മുതൽ ആൾസെയിന്റ്സ് കോളേജ് വരെ നീളുന്ന ഏതാണ്ട് 15,000 ചതുരശ്ര അടി ചുവരിലാണ് ചിത്രങ്ങൾ നിറയുന്നത്. അമ്യൂസിയം ആർട്ട് സയൻസ് എന്ന നഗരത്തിലെ ചിത്രകാരന്മാരുടെയും കലാപ്രേമികളുടെയും സംഘടനയും ട്രാവൻകൂർ ടൈറ്റാനിയം അസോസിയേഷനുമായി ചേർന്നാണ് ട്രാവൻകൂർ ടൈറ്റാനിയം 'ആർട്ട് വാൾ' എന്ന പദ്ധതി തയ്യാറാക്കിയത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ സഹകരണവും ഇതിനുണ്ട്.
"കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും പൊതുജനങ്ങൾക്ക് കലാകാരന്മാരെയും അവരുടെ ചിത്രരചനാ വൈഭവങ്ങളെ കുറിച്ചും മനസിലാക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്."
അജിത് കുമാർ, ക്യൂറേറ്റർ
"സാധാരണ ജീവിതത്തിൽ കൊവിഡ് വരുത്തിയ മാറ്റവും രോഗത്തെ അതിജീവിക്കാനുള്ള ജനങ്ങളുടെ പരിശ്രമവുമാണ് ചുവരുകളിൽ നിറയുന്നത്. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ചിത്രകലാക്യാമ്പ് നടത്തിയിട്ടുള്ള എനിക്ക് ഇവിടെ സ്ഥിരം കാൻവാസ് കിട്ടിയ അനുഭവമാണ്. "
എൻ.എം. വാണി, ചിത്രകാരി