psc

തിരുവനന്തപുരം: 'ഇനി ഞങ്ങൾക്ക് വഴികളൊന്നുമില്ല, ജോലി കിട്ടുമെന്ന് വീട്ടിലും നാട്ടിലുമൊക്കെ പറഞ്ഞുനടന്നിട്ടും അതില്ലാത്തവരുടെ മാനസികാവസ്ഥ ഏറെ ഭീകരമാണ്, ആത്മഹത്യ ചെയ്യാതെ പിടിച്ചുനിൽക്കുകയാണ് പലരും"-സങ്കടക്കടലായ മനസിന്റെ ആർത്തിരമ്പലിൽ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികളുടെ വാക്കുകൾ മുറിഞ്ഞുപോയി. ഇന്നലെ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോൾ ആ സങ്കടക്കടൽ അണപൊട്ടി.

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ സർക്കാർ തയ്യാറാവണമെന്ന ഒറ്റ ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. കൂലിപ്പണിയെടുത്താണ് പഠിച്ചത്. എല്ലാവർക്കും ജോലി നൽകണമെന്ന് അവകാശപ്പെടുന്നില്ല. ഒഴിവുകൾക്കനുസൃതമായി നിയമനം നടത്തണം.

493 റാങ്ക് ലിസ്റ്റുകൾ നീട്ടി നൽകിയിട്ടും സി.പി.ഒ പട്ടികയെ അവഗണിച്ചു. ഒരു വർഷത്തിൽ പരീക്ഷാത്തട്ടിപ്പ് കേസ് മൂലം നാല് മാസവും കൊവിഡ് മൂലം മൂന്ന് മാസവും നഷ്ടപ്പെട്ടു. താത്‌കാലികക്കാരോട് കാണിക്കുന്ന മാനുഷിക പരിഗണന പോലും തങ്ങളോട് കാണിക്കുന്നില്ല.

 ഞങ്ങൾക്ക് രാഷ്ട്രീയമില്ല

ഞങ്ങൾക്ക് കക്ഷി രാഷ്ട്രീയമില്ല. ജോലി നേടുകയാണ് ലക്ഷ്യം. സമരക്കാരിൽ ചിലർ ആത്മഹത്യാശ്രമം നടത്തിയത് ഞങ്ങൾ അറിഞ്ഞുകൊണ്ടല്ല. അവരുടെ മാനസികാവസ്ഥയാണ് അതിന് പ്രേരിപ്പിച്ചത്. ആരുടെയെങ്കിലും ജീവൻ നഷ്ടപ്പെട്ടാലേ നീതി കിട്ടൂവെങ്കിൽ വരും ദിവസങ്ങളിൽ അതും സംഭവിച്ചേക്കും.

 ഇന്ന് മുതൽ ഭിക്ഷാടനവും

സമരം ചെയ്യുന്നവർക്ക് ഭക്ഷണത്തിന് പോലും പണമില്ലാത്ത സാഹചര്യത്തിൽ ഇന്ന് മുതൽ പന്തലിന് മുന്നിൽ ഭിക്ഷയെടുക്കുന്നതിന് ബക്കറ്റ് സ്ഥാപിക്കും. സമരപ്പന്തലിൽ പരിചയമില്ലാതെ ചിലരെ കാണുന്നുണ്ട്. പ്രശ്നങ്ങളുണ്ടാക്കി സമരത്തെ തകർക്കലാണോ ഇവരുടെ ലക്ഷ്യമെന്നും അറിയില്ല. വാർത്താസമ്മേളനത്തിൽ അഫ്സൽ ബാബു, വി.എസ്. വിനായക്, അശോക് തുടങ്ങി 14 ജില്ലകളിലെയും പ്രതിനിധികൾ പങ്കെടുത്തു.