
തിരുവനന്തപുരം: നിയമസഭയിലേക്ക് കൂടുതൽ പുതുമുഖങ്ങൾക്ക് വഴിയൊരുക്കി, മൂന്നു തവണ മത്സരിച്ചവരെ വീണ്ടും പരിഗണിക്കേണ്ടെന്ന് സി.പി.ഐ തീരുമാനം. മാനദണ്ഡം കടുപ്പിച്ചതോടെ പാർട്ടിയുടെ നാലു മന്ത്രിമാരിൽ വി.എസ്.സുനിൽകുമാറും പി.തിലോത്തമനും കെ.രാജുവും ഉൾപ്പെടെ ആറ് സിറ്റിംഗ് അംഗങ്ങൾ ഒഴിവാകും. മറ്റൊരു മന്ത്രിയായ ഇ.ചന്ദ്രശേഖരൻ രണ്ടു തവണയേ മത്സരിച്ചിട്ടുള്ളൂ. മുതിർന്ന നേതാവ് സി. ദിവാകരൻ, മുല്ലക്കര രത്നാകരൻ, ഇ.എസ്.ബിജിമോൾ എന്നിവരാണ് ഒഴിവാകുന്ന മറ്റുള്ളവർ.
നിലവിൽ നിയമസഭയിൽ 17 അംഗങ്ങളാണ് സി.പി.ഐക്ക്. മൂന്നു തവണ മത്സരിച്ചിട്ടുള്ള മുൻ മന്ത്രിമാരായ കെ.ഇ. ഇസ്മായിൽ, കെ.പി. രാജേന്ദ്രൻ, പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ. പ്രകാശ് ബാബു, സത്യൻ മൊകേരി എന്നിവരും പരിഗണിക്കപ്പെടില്ല. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മൂന്നു തവണ മത്സരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ചേർന്ന സംസ്ഥാന എക്സിക്യുട്ടീവ് ധാരണയിലെത്തിയ ശേഷമാണ് സ്ഥാനാർത്ഥിത്വ മാനദണ്ഡം സംസ്ഥാന കൗൺസിലിൽ അവതരിപ്പിച്ച് പാസാക്കിയത്. ഇരു സമിതികളിലും ആരും വിയോജിച്ചില്ല.
നേരത്തേ രണ്ട് ടേം മാനദണ്ഡം കർശനമാക്കിയിരുന്ന സി.പി.ഐ, 2016- ലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചിലർക്ക് ഇളവു നൽകിയിരുന്നു. അത്തരം അവസ്ഥ ഒഴിവാക്കാൻ ഇത്തവണ മൂന്ന് ടേം മാനദണ്ഡം കർശനമാക്കുകയായിരുന്നു. മൂന്നു തവണ മത്സരിച്ച ആർക്കും ഒരു കാരണവശാലും ഇളവുണ്ടാകില്ല.
പാർട്ടിയുടെയോ പോഷകസംഘടനയുടെയോ തലപ്പത്ത് ഭാരവാഹികളായിരിക്കുന്നവർ മത്സരിക്കുന്നെങ്കിൽ സ്ഥാനമൊഴിയണം.
ടേം മാനദണ്ഡമനുസരിച്ച് മത്സരിക്കാൻ അവസരം കിട്ടാത്തവർക്ക് അവരുടെ വികാരം പാർട്ടിയെ അറിയിക്കാമെന്നും, മാനദണ്ഡം പൊതുവായിട്ടായതിനാൽ അവർക്ക് മത്സരിക്കാനാവില്ലെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജയസാദ്ധ്യതയെന്നത് ആപേക്ഷികമാണ്. കേരളത്തിൽ ആർക്കും ഒരു മണ്ഡലവും പട്ടയം കൊടുത്തിട്ടില്ല. സി.പി.ഐ വ്യത്യസ്തമായ പാർട്ടിയാണ്. പാർട്ടിയുടെ നാല് മന്ത്രിമാരും മികച്ച പ്രവർത്തനമാണ് നടത്തിയത്- അദ്ദേഹം പറഞ്ഞു.
സീറ്റുകളിൽ വിട്ടുവീഴ്ച വേണ്ടിവരും
മുന്നണി വിപുലീകരിക്കപ്പെടുമ്പോൾ, മത്സരിക്കുന്ന പാർട്ടികളെല്ലാം സ്വാഭാവികമായും സീറ്റുകളിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നത് പുതിയ കാര്യമല്ലെന്ന് കാനം. ഓരോ പാർട്ടിക്കും ഏതേത് സീറ്റുകൾ നൽകണമെന്നൊന്നും മുന്നണി ചർച്ച ചെയ്തിട്ടില്ല. ജാഥകൾ പൂർത്തിയാകുമ്പോഴേക്കും സീറ്റ് ചർച്ചകളും പൂർത്തിയാകും. പാർട്ടിയുടെ സീറ്റുകളിൽ ഏതെല്ലാം വിട്ടുനൽകണമെന്നതിനെക്കുറിച്ചോ സ്ഥാനാർത്ഥികൾ ആരാകണമെന്നതിലോ ചർച്ച നടന്നിട്ടില്ല.
ഒരു വ്യക്തിക്കേ മണ്ഡലത്തിൽ സ്വാധീനമുള്ളൂവെന്ന തത്വത്തിൽ സി.പി.ഐ വിശ്വസിക്കുന്നില്ല. ബൂർഷ്വാ പാർട്ടികളാണ് വ്യക്തികളുടെ പ്രാധാന്യം നോക്കുന്നത്. മണ്ഡലത്തിൽ തുടർച്ചയായി ജയിക്കുന്നെങ്കിൽ അത് പാർട്ടിയുടെയോ മുന്നണിയുടെയോ സ്വാധീനമാണ്. വോട്ടർമാരിൽ തലമുറമാറ്രം ഉണ്ടായിട്ടുണ്ട്. ആ മാറ്റം സ്ഥാനാർത്ഥികളിലുമുണ്ടാകും.
- കാനം രാജേന്ദ്രൻ
സി.പി.ഐ സംസ്ഥാന സെക്രട്ടറി
 ഒഴിവാകുന്നത്
മന്ത്രിമാർ:
സുനിൽകുമാർ,രാജു, തിലോത്തമൻ
പ്രമുഖർ:
ദിവാകരൻ, മുല്ലക്കര, ബിജിമോൾ