kanam-rajendran

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ജേതാക്കളുടെ സമരത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അവിടേക്ക് ആരൊക്കെ പോകുന്നുവെന്നെല്ലാം നമ്മൾ കണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിൽ പി.എസ്.സി വഴി ഏറ്റവുമധികം നിയമനം നൽകിയ സർക്കാരാണിത്. ലാസ്റ്റ്ഗ്രേഡ് ജീവനക്കാരുടെ ഒഴിവുകൾ പഴയതു പോലെയില്ലെന്ന വസ്തുത മനസ്സിലാക്കണം. തൊഴിലിനായി സമരം ചെയ്യാൻ ജനാധിപത്യപരമായി എല്ലാവർക്കും അവകാശമുണ്ട്. സി.പി.ഐ അതിനെ ചോദ്യം ചെയ്യുന്നില്ല. 2016ൽ പി.എസ്.സി റാങ്ക് പട്ടിക ആദ്യമായി നീട്ടിയത് ഇടതു സർക്കാരാണ്. ഇപ്പോഴും ആറ് മാസത്തേക്ക് നീട്ടി. നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടനുസരിച്ച് ഒരൊഴിവിലേക്ക് അഞ്ച് പേരുകൾ വച്ച് റാങ്ക്പട്ടിക നൽകണമെന്നുണ്ട്. അതിനാൽ റാങ്ക്പട്ടികയിലുള്ളവരെയെല്ലാം സ്ഥിരപ്പെടുത്തൽ പ്രായോഗികമല്ലെന്ന് റാങ്ക് ജേതാക്കൾക്കുമറിയാം. സമരക്കാരെ വിളിച്ച് ചർച്ച ചെയ്യാൻ അത് ട്രേഡ് യൂണിയൻ സമരമല്ല.

തസ്തികകൾ വെട്ടിക്കുറച്ചതിനെതിരെ ആന്റണി സർക്കാരിന്റെ കാലത്ത് ശക്തമായി സമരം ചെയ്താണ് പിന്നീട് ഇടതുമുന്നണി അധികാരത്തിലെത്തിയത്. അതിനാൽ തസ്തികകൾ സൃഷ്ടിക്കുന്നതിലും തൊഴിലുകൾ നൽകുന്നതിലും ഇടതുമുന്നണിക്ക് ജാഗ്രതയുണ്ട്. ഏറ്റവും കൂടുതൽ തസ്തികകൾ സൃഷ്ടിച്ചതും നിയമനം നൽകിയതുമായ സർക്കാരാണിത്. കൃഷിക്കാർ രണ്ട് മാസമായി സമരം ചെയ്തിട്ടും ഡൽഹിയിലൊരു സർക്കാർ പ്രവർത്തിക്കുന്നില്ലേ. സർക്കാരിന് ഇവിടെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനേ കഴിയൂ.

സുപ്രീംകോടതിയുടെ മുന്നിലിരിക്കുന്ന ശബരിമല വിഷയത്തിൽ എങ്ങനെ നിയമമുണ്ടാക്കാനാവും?. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് പ്രശ്നത്തിൽ സുപ്രീംകോടതി വിധിക്കെതിരെ സർക്കാരുണ്ടാക്കിയ നിയമത്തിന്റെ ഗതിയെപ്പറ്റി നമുക്കെല്ലാം ബോദ്ധ്യമുള്ളതാണ്. ശബരിമലക്കാര്യത്തിൽ വി.എസ് സർക്കാരിന്റെ സത്യവാങ്മൂലത്തിൽ, ഹിന്ദു പണ്ഡിതരടങ്ങുന്ന സമിതി ആചാരക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് നിർദ്ദേശിച്ചതാണ്. അത് തിരുത്തി യു.ഡി.എഫ് നൽകിയ സത്യവാങ്മൂലത്തെ അധികരിച്ചും വാദപ്രതിവാദങ്ങൾ കോടതിയിലുണ്ടായി. പിന്നീട് വന്ന ഇടതുസർക്കാർ യു.ഡി.എഫിന്റെ സത്യവാങ്മൂലം തിരുത്തി പഴയത് നൽകി. ഗൗരവമായ രാഷ്ട്രീയത്തിൽ താല്പര്യമില്ലാത്തതിനാൽ പ്രതിപക്ഷം പൈങ്കിളിക്കാര്യങ്ങൾ ചർച്ച ചെയ്യുകയാണെന്നും കാനം പറഞ്ഞു.