
തിരുവനന്തപുരം: മാർക്ക് ദാനം വഴി വിദ്യാർത്ഥികളെയും ,പിൻവാതിൽ നിയമനത്തിലൂടെ ഉദ്യോഗാർത്ഥികളെയും വഞ്ചിക്കുന്ന ഇടതുമുന്നണി സർക്കാരിനെതിരായ യുവജനസമരം ശക്തമാക്കുമെന്ന് കെ.എസ്.യു.സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
14ന് കോഴിക്കോട് സർവ്വകലാശാലാ ആസ്ഥാനത്തേക്ക് വിദ്യാർത്ഥി മാർച്ചും ,15ന് ജില്ലാ പി.എസ്.സി. ഒാഫീസുകൾക്ക് മുന്നിൽ ഉപരോധ സമരവും ,18ന് സെക്രട്ടേറിയറ്റ് മാർച്ചും നടത്തും.
നീതിയുക്തമായ അവകാശങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ഉൾപ്പെടെ ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തെ അവഹേളിക്കാനും അപമാനിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. പി.ആർ വർക്കിന്റെ അകമ്പടിയോടെ 'സെൻസറിംഗ്' നടത്തി ചോദ്യങ്ങൾ എഴുതി നൽകി അവതരിപ്പിക്കുന്ന മുഖ്യമന്ത്രി, ഏതെങ്കിലും കാമ്പസിലെ വിദ്യാർത്ഥികളെ നേരിട്ട് കണ്ട് സംവദിക്കാൻ തയ്യാറുണ്ടോയെന്ന് അഭിജിത്ത് ചോദിച്ചു.