hh

വിതുര: പാട്ടത്തിനെടുത്ത സ്ഥലത്തെ പച്ചക്കറി കൃഷിക്ക് വെള്ളമൊഴിച്ച ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയ കർഷകൻ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചു. ചായം മാങ്കാട് കൊച്ചുകോണം സിന്ധു ഭവനിൽ ജെ. സുനിൽകുമാർ (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് ചായം അരുവിക്കരമൂല സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.

പന്നിയുടെ ആക്രമണത്തിൽ ബൈക്കിൽ നിന്നും തെറിച്ചു റോഡിൽ തല അടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു.

ഉടൻ വിതുര ഗവൺമെന്റ് താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് സംസ്കരിക്കും. ഭാര്യ: സിന്ധു. രണ്ടു മക്കൾ ഉണ്ട്.

സംഭവം നടന്ന മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഒരാഴ്ച മുൻപ് ചേന്നൻപാറയിൽ പകൽ സമയത്ത്‌ കടയിൽ കയറി ഉടമയെ ആക്രമിച്ചിരുന്നു.