kpcc

തിരുവനന്തപുരം: കോൺഗ്രസ്സിൽ സിറ്റിംഗ് എം.എൽ.എമാർ വീണ്ടും മത്സരിക്കാൻ കഴിഞ്ഞ ദിവസം കൊച്ചിയിൽ സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചയിൽ ധാരണയായി. ഇരിക്കൂറിൽ ഇക്കുറി മത്സരിക്കാനില്ലെന്ന് അറിയിച്ച കെ.സി. ജോസഫിന്റെ കാര്യത്തിൽ തീരുമാനം പിന്നീടാകും.

22 സിറ്റിംഗ് എം.എൽ.എമാരാണ് കോൺഗ്രസിനുള്ളത്. ബാക്കി കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള പൊതുമാനദണ്ഡം 25ന് പ്രഖ്യാപിക്കും. ഗ്രൂപ്പ് താല്പര്യങ്ങളോ, പരിഗണനയോ ഉണ്ടാകില്ല. കൊച്ചി ചർച്ചയിലെ ധാരണകൾ ഹൈക്കമാൻഡിനെ ധരിപ്പിക്കും.

ജീവന്മരണ പോരാട്ടമാണ് നടക്കുന്നതെന്നതിനാൽ, സിറ്റിംഗ് എം.എൽ.എമാരെ മാറ്റി നിറുത്തുന്നത് ഗുണമാകില്ലെന്നാണ് വിലയിരുത്തൽ. കെ.സി. ജോസഫിന് കോട്ടയം ജില്ലയിൽ ഏതെങ്കിലും സീറ്റ് നൽകാൻ നേതൃത്വം ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമേ തീരുമാനമെടുക്കൂ.

മാണി സി.കാപ്പന്റെ നേതൃത്വത്തിലുള്ള എൻ.സി.പി വിഭാഗം യു.ഡി.എഫിന്റെ ഭാഗമായെത്തുന്നതിനെയും സ്വാഗതം ചെയ്തു. കാപ്പൻ പാലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചാൽ സാദ്ധ്യതയേറെയാണെന്നാണ് വിലയിരുത്തൽ.

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായി കെ.വി. തോമസിനെ നിയമിച്ചത് പാർട്ടിക്ക് ഗുണമാകുമെന്നും യോഗം വിലയിരുത്തി. പ്രതിപക്ഷനേതാവിന്റെ ഐശ്വര്യ കേരള യാത്രയ്ക്കിടയിൽ ഘടകകക്ഷികളുമായി നടത്തുന്ന സീറ്റ് വിഭജന ചർച്ചയുടെ പുരോഗതിയും വിലയിരുത്തി. കേരള കോൺഗ്രസ്- ജോസഫ് വിഭാഗവുമായുള്ള ചർച്ചയാണ് കീറാമുട്ടിയായി തുടരുന്നത്.