
തിരുവനന്തപുരം: നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന കോർ കമ്മിറ്റിയിൽ പങ്കെടുക്കുന്നതോടെ, തിരഞ്ഞെടുപ്പ് ഗോദയിൽ ബി.ജെ.പിയും സജീവമാവുന്നു.
തിരുവനന്തപുരത്തും തൃശൂരിലും നടന്ന നേതൃയോഗങ്ങളിലും റാലിയിലും പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പങ്കെടുത്തതോടെ, തിരഞ്ഞെടുപ്പിന് അണികൾ സജ്ജമായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കൊച്ചിയിൽ സംസ്ഥാന പ്രസിഡന്റ്, മുൻ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവരടങ്ങിയ 11 അംഗ കോർ കമ്മിറ്റി യോഗത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. 15 ദിവസം നീണ്ടു നിൽക്കുന്ന കെ.സുരേന്ദ്രന്റെ വിജയ് യാത്ര 21ന് തുടങ്ങും.
'പുതിയ കേരളം" എന്നതാണ് വിജയ് യാത്രയിൽ ബി.ജെ.പിയുടെ മുദ്രാവാക്യം. സംസ്ഥാന സർക്കാരിന്റെ അഴിമതി, ഇരുമുന്നണികളുടെയും വർഗീയ പ്രീണനം എന്നിവയെ എതിർക്കുന്നതോടൊപ്പം, കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും ഉയർത്തിക്കാട്ടും. സംസ്ഥാനത്തിന്റെ കാർഷിക, വ്യവസായിക വളർച്ചയ്ക്ക് ഇരുമുന്നണികളും ഇടങ്കോലിട്ടെന്നാണ് ആരോപണം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള യാത്രയിൽ ജനറൽ സെക്രട്ടറിമാരായ പി.സുധീർ, സി. കൃഷ്ണകുമാർ, ജോർജ് കുര്യൻ, യുവമോർച്ച പ്രസിഡന്റ് സി.ആർ.പ്രഫുൽകൃഷ്ണൻ, മഹിളാ മോർച്ച പ്രസിഡന്റ് നിവേദിത എന്നിവർ അംഗങ്ങളായിരിക്കും. എം.ടി. രമേശാണ് കോ- ഓർഡിനേറ്റർ. 21 ന് കാസർകോട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. ബി.ജെ.പിക്ക് ജയസാദ്ധ്യതയുള്ള കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ യോഗി ആദിത്യ നാഥിന്റെ സാന്നിദ്ധ്യം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് വിജയ് യാത്രയുടെ സംഘാടകരിലൊരാളായ സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് പറഞ്ഞു.
ബഹുജന സമ്മേളനങ്ങളോടൊപ്പം സമുദായ സംഘടനാ പ്രതിനിധികളുമായുള്ള യോഗങ്ങളും വിവിധ ജില്ലകളിൽ യാത്രയുടെ ഭാഗമായി നടക്കും. പ്രകടന പത്രികയിലേക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കാർഷിക , വ്യവസായിക, വ്യാപാര മേഖലകളിലെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. 80 ബഹുജന റാലികൾ നടത്തും. എല്ലാ ജില്ലകളിലും നടക്കുന്ന സമാപന പരിപാടികളിൽ കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും പങ്കെടുക്കും. മാർച്ച് 7ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തിൽ കേന്ദ്ര മന്ത്രി അമിത് ഷാ പങ്കെടുക്കും.
ബി.ജെ.പി കോർ കമ്മിറ്റിയിൽ പ്രധാനമന്ത്രി ഇതാദ്യം
നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം പങ്കെടുക്കുന്ന ആദ്യ കോർ കമ്മിറ്റി യോഗമാണിത്.
തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടങ്ങളിൽപ്പോലും സംസ്ഥാനങ്ങളിലെ പാർട്ടി കമ്മിറ്റികളിൽ നരേന്ദ്രമോദി പങ്കെടുക്കാറില്ല. നാഷണൽ കൗൺസിൽ യോഗം കോഴിക്കോട്ട് നടന്നപ്പോഴും സംസ്ഥാന ഘടകത്തിന്റെ യോഗത്തിൽ പങ്കെടുത്തില്ല. അമ്പലമേട് ബി.പി.സി.എൽ പദ്ധതി പ്രദേശത്ത് ചേരുന്ന കോർ കമ്മിറ്റിയിൽ വൈകുന്നേരം 3 മുതൽ 4 മണി വരെയാണ് പ്രധാനമന്ത്രി ഉണ്ടാവുക. മുൻ പ്രസിഡന്റുമാരും നാല് ജനറൽ സെക്രട്ടറിമാരും പങ്കെടുക്കും. സംസ്ഥാന ഭാരവാഹികളെയും സംസ്ഥാന സമിതി അംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്.
കേരളത്തിലെ സംഘടനാ പ്രവർത്തനത്തിന് പ്രധാനമന്ത്രി നൽകുന്ന പ്രാധാന്യം സംസ്ഥാന ഘടകത്തിന് നേട്ടമാകും. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കൊച്ചിയിലെത്തി വമ്പൻ കേന്ദ്ര പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത് ബി.ജെ.പിക്ക് പ്രചരണായുധമാക്കാൻ കഴിയും.