cc

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട അവസാന ഘട്ടം നടപടികൾ പൂർത്തിയാക്കാൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയും സംഘവും ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തി.

ഇൻഡിഗോ ഫ്‌ളൈറ്റിൽ ചെന്നൈയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിനൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ, ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സുദീപ് ജെയിൻ, ചന്ദ്രഭൂഷൺ കുമാർ, എ.ഡി.ജി ഷേയ്ഭാലി ബി. ശരൺ, ഡയറക്ടർ പങ്കജ് ശ്രീവാസ്തവ, സെക്രട്ടറി എ.കെ പാഠക് എന്നിവരുമുണ്ട്.

ഇന്ന് രാവിലെ 10ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, പൊലീസ് നോഡൽ ഓഫീസർ,11 ന് രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വൈകിട്ട് 3.30ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, എസ്.പി മാർ എന്നിവരുമായും, വൈകിട്ട് 6.30ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഏജൻസികളുമായും കമ്മിഷൻ ആശയവിനിമയം നടത്തും.
14ന് രാവിലെ 10 മണിക്ക് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായി വീണ്ടും ചർച്ച നടക്കും. വൈകിട്ട് 3.30ന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം . 5ന് വാർത്താസമ്മേളനം നടത്തും. 15ന് രാവിലെ സംഘം ഡൽഹിക്ക് മടങ്ങും.