
ചിങ്ങവനം: മദ്യപിച്ച് വീട്ടിലെത്തി സംഘർഷമുണ്ടായതിനെ തുടർന്ന് മുത്തച്ഛൻ മരിക്കാനിടയായ സംഭവത്തിൽ ഒളിവിലായിരുന്ന കൊച്ചുമകൻ അരുൺദാസ് (24) പിടിയിലായി. തിരുവനന്തപുരത്ത് നിന്നാണ് ചിങ്ങവനം പൊലീസ് പ്രതിയെ പിടികൂടിയത്. കുറിച്ചി ചാലുമാട്ടുതറ വീട്ടിൽ തങ്കച്ചൻ (71) ആണ് മരിച്ചത്. ജനുവരി 29നായിരുന്നു കേസിനാസ്പദമായ സംഭവം.
തങ്കച്ചന്റെ മകൻ ശോഭൻദാസിന്റെ മകനാണ് അരുൺ ദാസ്. കെട്ടിട നിർമ്മാണ തൊഴിലാളിയായ അരുൺദാസ് മദ്യപിച്ച് വീട്ടിലെത്തുന്നത് പതിവായിരുന്നു. സംഭവദിവസം രാത്രി അരുൺ മദ്യപിച്ചെത്തിയത് തങ്കച്ചൻ ചോദ്യം ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന്, അരുൺ തങ്കച്ചനെ ചവിട്ടുകയും ബോധരഹിതനായി തങ്കച്ചൻ വീഴുകയുമായിരുന്നെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും മരണം സംഭവിച്ചു.
സംഘർഷത്തിനിടെ തങ്കച്ചന്റെ ഭാര്യ ലൈസാമ്മയ്ക്കും പരിക്കേറ്റു. വിവരമറിഞ്ഞ് ചിങ്ങവനം പൊലീസ് സ്ഥലത്തെത്തിയെങ്കിലും അരുൺദാസ് കടന്നു കളഞ്ഞു. പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ തിരുവനന്തപുരത്തു നിന്ന് പിടിയിലായതെന്ന് ചിങ്ങവനം എസ്.ഐ സ്റ്റെപ്റ്റോ ജോൺ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.