
തലശ്ശേരി: ഗോപാലപേട്ട ഫിഷറീസ് കോമ്പൗണ്ടിലെ പടിഞ്ഞാറേപുരയിൽ സി.എം. ശ്രീധരി (55)യുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയ പൊലീസ് ശ്രീധരി അന്ന് സഞ്ചരിച്ച കെ.എൽ. 58 എച്ച് 9715 ഓട്ടോറിക്ഷ കസ്റ്രഡിയിലെടുത്തു. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലയിലേറ്റ ക്ഷതമാണ് മരണത്തിനിടയായതെന്ന് കണ്ടെത്തിയിരുന്നു. ഫോറൻസിക് വിദഗ്ധൻ നടത്തിയ പരിശോധനയിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണപ്പോഴുണ്ടായ പരിക്കല്ലെന്നും ബോധ്യപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഓട്ടോയിൽ നിന്നും വീണ നിലയിൽ സൈദാർ പള്ളി ജെ.ടി.റോഡിൽ വെച്ച് ശ്രീധരി കൊല്ലപ്പെട്ടത്. ഓട്ടത്തിനിടയിൽ റോഡിൽ തെറിച്ച് തലയടിച്ചു വീണതിനെ തുടർന്ന് മരണപ്പെട്ടുവെന്നായിരുന്നു ആദ്യത്തെ നിഗമനം. ഡ്രൈവർ ഗോപാലകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ വണ്ടിയിൽ വച്ച് വഴക്കിട്ടതായി ഇയാൾ സമ്മതിച്ചിരുന്നു. കോടതി റിമാന്റ് ചെയ്ത പ്രതിയെ തെളിവെടുക്കാനായി പൊലീസ് അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങും.