
തിരൂരങ്ങാടി: 14.536 കിലോ  കഞ്ചാവുമായി അന്തർ സംസ്ഥാന വാഹന മോഷ്ടാവും നിരവധി വാഹന മോഷണക്കേസുകളിൽ പ്രതിയുമായ പെരുവള്ളൂർ കൂമണ്ണ ഒളകര സ്വദേശി പാറക്കാട്ട് എറാട്ട് വീട്ടിൽ അബ്ദുറഹീം എന്ന വീരപ്പൻ റഹീമിനെയും(54) കൂട്ടാളികളെയും തേഞ്ഞിപ്പലം എക്സൈസ് അറസ്റ്റ് ചെയ്തു. മൂന്നിയൂർ വെളിമുക്ക് കൂഫ ദേശത്ത് പാലമുറ്റത്ത് വീട്ടിൽ ബാവൂട്ടൻ എന്ന നൗഷാദ് (33), തേഞ്ഞിപ്പലം മുക്കൂട് ദേശത്ത് തറയിൽ വീട്ടിൽ നന്ദു എന്ന ഷിൻസ് (26 ) എന്നിവരെയാണ് വീരപ്പൻ റഹീമിനൊപ്പം പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ പി.കെ മുഹമ്മദ് ഷഫീഖും സംഘവും അറസ്റ്റ് ചെയ്തത്. മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ കഞ്ചാവ് മൊത്തവിതരണം നടത്തുന്നത് വീരപ്പൻ റഹീമും കൂട്ടാളികളുമാണെന്ന മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യൂറോ നൽകിയ രഹസ്യവിവരത്തെ തുടർന്ന് ഒരു മാസക്കാലമായി മലപ്പുറം ഇന്റലിജൻസ് ബ്യൂറോയും പരപ്പനങ്ങാടി എക്സൈസ് ഷാഡോ ടീമും ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. മുമ്പ് നാടൻ തോക്ക് നിർമ്മിച്ച് വൻതോതിൽ വിതരണം ചെയ്തതിനെ തുടർന്നാണ് അബ്ദുറഹീമിന് വീരപ്പൻ റഹീമെന്ന പേര് വീണത്. ആയിരക്കണക്കിന് വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ചുവിറ്റതിന് 300ലധികം കേസുകളുണ്ട്.നൂതന സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്ന വാഹനങ്ങൾ മോഷ്ടിക്കാൻ എളുപ്പല്ലെന്നതിനാലാണ് കഞ്ചാവ് വിൽപ്പനയിലേക്കിറങ്ങിയത്. തന്റെ പഴയ കാല ബന്ധങ്ങൾ കഞ്ചാവ് വിൽപ്പനയ്ക്കുപയോഗിക്കുന്നുണ്ടെന്ന് അബ്ദുറഹീം മൊഴി നൽകി. സംഘം കഞ്ചാവുകടത്തിന് ഉപയോഗിച്ചിരുന്ന ബുള്ളറ്റ്, ബൈക്ക്, കാർ എന്നിവ പിടിച്ചെടുത്തു.പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ മൂന്ന് ലക്ഷം വില വരും.
ആന്ധ്രാപ്രദേശിൽ നിന്ന് തനിക്ക് നേരിട്ട് കഞ്ചാവെത്താറുണ്ടെന്നും നിരവധി യുവാക്കൾ തന്റെ കീഴിൽ ചില്ലറ വിൽപ്പനാ രംഗത്തുണ്ടെന്നും അബ്ദുറഹീം മൊഴി നൽകി. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പിടിയിലാകുമെന്ന് എക്സൈസ് അറിയിച്ചു.
റെയ്ഡിൽ ഇ മലപ്പുറം ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ ടി.ഷിജുമോൻ, റേഞ്ച് പ്രിവന്റീവ് ഓഫീസർമാരായ ടി. പ്രജോഷ് കുമാർ , പ്രദീപ് കുമാർ, കെ. മുരളീധരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, സാഗിഷ്, നിതിൻ ചോമാരി, വിനീഷ്, സുഭാഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു, ലിഷ, ഐശ്വര്യ, എക്സൈസ് ഡ്രൈവർ വിനോദ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.