
ആലുവ: മൂന്ന് ഗ്രാമപഞ്ചായത്തുകളുടെ സംഗമ ഭൂമിയിൽ തകർന്ന് തരിപ്പണമായ പാലം പുതുക്കി പണിയാത്തതിനെ തുടർന്ന് നാട്ടുകാർ ഗതാഗതം തടഞ്ഞു. പാലത്തിന് കുറുകെ ഇലക്ട്രിക്ക് പോസ്റ്റും മരക്കുറ്റികളും ടാർ വീപ്പയും നിരത്തിയിട്ട് ഗതാഗത തടഞ്ഞിട്ട് ഒരു മാസത്തോളമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയില്ല.
കിഴക്കമ്പലം, എടത്തല, വാഴക്കുളം പഞ്ചായത്തുകളുടെ സംഗമ ഭൂമിയായ എം.ഇ.എസ് ജാരം - കമ്പനിപ്പടി റോഡിലെ നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. പെരിയാർവാലി കനാലിന്റെ ഒരു വശം കിഴക്കമ്പലം പഞ്ചായത്തും മറുവശത്ത് ഇടതുഭാഗം എടത്തലയും വലതുഭാഗം വാഴക്കുളം പഞ്ചായത്തുമാണ്. മൂന്ന് പഞ്ചായത്തിലുള്ളവരും ആശ്രയിക്കുന്ന ജാരം - കമ്പനിപ്പടി റോഡിൽ പാലം ഇരിക്കുന്നത് കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ്. പഞ്ചായത്ത് അധികൃതരോടും പെരിയാർ വാലി അധികൃതരോടും പലവട്ടം പാലം പുതുക്കി നിർമ്മിക്കണമെന്നാവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നാലാംമൈൽ വ്യവസായ മേഖലയിൽപ്പെട്ട ഭാഗമായതിനാൽ നാട്ടുകാർക്ക് പുറമെ നിരവധി ചരക്ക് ലോറികളാണ് നിത്യേന ഇതുവഴി കടന്നുപോകുന്നത്. കഷ്ടിച്ച് ഒരു ലോറിക്ക് മാത്രം കടന്നുപോകാൻ വീതിയുള്ള പാലം പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ചതാണ്. അക്കാലത്ത് ഇവിടെ വ്യവസായ ശാലകൾ ആരംഭിച്ചിട്ടില്ലായിരുന്നു. കാലപ്പഴക്കത്തെ തുടർന്ന് പാലം തകർന്നെങ്കിലും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. കൈവരികൾ വർഷങ്ങൾക്ക് മുമ്പേ തകർന്നു. പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വലിയ കുഴികളാണ്. ചരക്കുലോറികൾ കനാലിലേക്ക് വരെ മറിയാൻ സാദ്ധ്യതയുള്ളത്ര വലുതായി കുഴികൾ. ഇതേതുടർന്നാണ് നാട്ടുകാർ പ്രതിഷേധ സൂചകമായി പാലം അടച്ചത്.
പാലം അടച്ചതിനെ തുടർന്ന് ആലുവ - മൂന്നാർ റോഡിലേക്ക് പ്രവേശിക്കേണ്ട വാഹന യാത്രക്കാർ 500 മീറ്റർ അധികം ചുറ്റിയാണ് പോകുന്നത്. ഈ ഭാഗത്തും റോഡ് തകർന്ന് തരിപ്പണമായി കിടക്കുകയാണ്. അടിയന്തരമായി പാലം പുനർനിർമ്മിക്കാൻ നടപടിയെടുക്കണമെന്ന് ചുമട്ടുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ആലുവ ഏരിയ കമ്മിറ്റിയംഗം മുഹമ്മദ് കുഞ്ഞ് ആവശ്യപ്പെട്ടു.