justinraj

നാഗർകോവിൽ: ഓൺലൈൻ റമ്മി കളിക്കുന്നതിന് പണമുണ്ടാക്കാൻ ബൈക്കിലെത്തി സ്ത്രീകളുടെ മാല കവരുന്ന യുവാവിനെ പൊലീസ് അറസ്റ്ര് ചെയ്തു. മേക്കാമണ്ഡപം ഈത്തവിള സ്വദേശി ജസ്റ്റിൻ രാജിനെയാണ് (22) കുളച്ചൽ എ.എസ്.പി വിശ്വേശ് ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത് ഇങ്ങനെ: എൻജിനിയറിംഗ് പഠനംകഴിഞ്ഞ ജസ്റ്റിൻ ജോലിക്കുപോകാതെ വീട്ടിലിരുന്ന് ഓൺലൈനിൽ റമ്മി കളിക്കുന്നത് പതിവായിരുന്നു. അമ്മയുടെ മാല പണയംവച്ച് ലഭിച്ച രണ്ടരലക്ഷം രൂപ ഇത്തരത്തിൽ നഷ്ടപ്പെടുത്തി. സംഭവം വീട്ടിലറിഞ്ഞതോടെ മാല തിരികെയെടുക്കാനാണ് സുഹൃത്തുമൊത്ത് ആദ്യമോഷണം നടത്തിയത്. തിരുവട്ടാറിൽ വച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതിമാരെ തടഞ്ഞുനിറുത്തിശേഷം കത്തികാണിച്ച് ഭീഷണിപ്പെടുത്തി 6 പവന്റെ മാല കവർന്നതാണ് ആദ്യ മോഷണം.

ഇങ്ങനെ തുടർച്ചയായി മോഷണം നടത്തുകയും ആഭരണങ്ങൾ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് ഓൺലൈൻ ഗെയിം കളിക്കുകയുമായിരുന്നു പ്രതിയുടെ രീതി. ഈ കേസുകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. സ്പെഷ്യൽ ടീം എസ്.ഐ ജോൺ ബോസ്കോ, കരിങ്കൽ എസ്.ഐ മോഹനഅയ്യർ എന്നിവരടങ്ങുന്ന സംഘമാണ് ജസ്റ്റിനെ കരിങ്കൽ ബസ് സ്റ്റാൻഡിൽ നിന്ന് പിടികൂടിയത്. പത്ത് പവൻ സ്വർണവും മോഷണത്തിന് ഉപയോഗിച്ച ബൈക്കും പ്രതിയുടെ കൈയിൽ നിന്ന് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.