alakkod

ആലക്കോട്: കുടിയേറ്റത്തിന്റെ ആറ് പതിറ്റാണ്ടുകൾ പിന്നിട്ട് കഴിഞ്ഞ മലയോരമേഖലയ്ക്ക് എന്തുകൊണ്ടും അഭിമാനിക്കത്തക്ക വികസനമാണ് രാജകീയ പ്രൗഢിയോടെ നിലകൊള്ളുന്ന ആലക്കോട് പട്ടണത്തിനുള്ളത്. ഒട്ടുമിക്ക സർക്കാർ ഓഫീസുകളും വൻകിട ബാങ്കുകളും വാണിജ്യ സ്ഥാപനങ്ങളുമൊക്കെ ഇവിടെ വരികയും ആളുകൾ വിവിധ ആവശ്യങ്ങൾക്കായി ടൗണിനെ ആശ്രയിക്കുകയും ചെയ്‌തോടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വർദ്ധിച്ചുവന്നു. വാഹനപാർക്കിംഗിന് ടൗണിൽ സ്ഥലമില്ലാത്തതിനാൽ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ നിറുത്തിയിടുകയാണ് പതിവ്.
ബഹുഭൂരിപക്ഷം കെട്ടിടങ്ങളും റോഡിനോട് ചേർന്ന് പണിതവയായതുകൊണ്ട് റോഡിൽ നിന്നുകൊണ്ടു വേണം സാധനങ്ങൾ വാങ്ങാൻ. റോഡും വ്യാപാര സ്ഥാപനങ്ങളുമായി വേർതിരിക്കുന്ന ഓവുചാലിനു മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ നിരത്തി നടപ്പാതയാക്കി മാറ്റിയിരുന്നുവെങ്കിലും ഇപ്പോഴത് വ്യാപാരികൾ കയ്യേറി കട വിപുലപ്പെടുത്തിയിരിക്കുന്നതും പതിവാണ്. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ റോഡിൽ നിന്നും നിശ്ചിത അകലം പാലിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും നിയമത്തിലെ പഴുതുകൾ കണ്ടെത്തി കഴിവതും റോഡുവക്കിൽ തന്നെ കെട്ടിടങ്ങൾ പണിയുന്നത് സ്ഥിരം കാഴ്ചയാണ്. ഷോപ്പിംഗ് കോംപ്ളക്സുകൾ പണിയുമ്പോൾ വാഹന പാർക്കിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അവിടെ സജ്ജമാക്കണം. പക്ഷേ ആലക്കോട് ടൗണിലെ ഒട്ടുമിക്ക ഷോപ്പിംഗ് കോംപ്ളക്സുകളിലും ഈ വക സൗകര്യങ്ങളൊന്നുമില്ല.
ടൗണിലെ ബസ് സ്റ്റോപ്പുകൾ ഏറെ പരിതാപകരമാണ്. നടുറോഡിൽ തന്നെ ബസുകൾ നിറുത്തിയിടുവാനേ ഇവിടെ സാധിക്കൂ. ബസ് ബേകൾ നിർമ്മിക്കുവാൻ ഇവിടെ സ്ഥലം ലഭിക്കുകയില്ല എന്നതിനാൽ എവിടെയെങ്കിലും നിറുത്തി ആളുകളെ ഇറക്കുകയും കയറ്റുകയുമാണ്. ഇതുമൂലം റോഡപകടങ്ങളും ടൗണിൽ വർദ്ധിച്ചു വരികയാണ്. പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കാനും ഒരിഞ്ചു സ്ഥലം കണ്ടെത്തുവാൻ പഞ്ചായത്തിനോ സംഘടനകൾക്കോ സാധിച്ചിട്ടില്ല.
പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റയുടൻ വ്യാപാരികൾ ആലക്കോട് ടൗൺ വികസനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകുകയുണ്ടായി. ടൗൺ വികസനത്തിന് അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൾ പരിഹരിക്കപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത് എന്നകാര്യം ഇനിയെങ്കിലും അധികൃതർ ഗൗരവത്തോടെ കാണുന്നില്ലെങ്കിൽ ആലക്കോട് ടൗണിന് ഒരടിപോലും വികസനമുണ്ടാകുവാൻ സാദ്ധ്യമല്ല എന്നാണ് അവസ്ഥ.