dronar

എത്ര നാളെന്നും പറഞ്ഞാണ് ഈ കദനഭാരവും പേറി നടക്കുക!

ജോസ് മോൻ, പാലാ കരിങ്ങോഴയ്ക്കൽ മാണി വീട്ടിൽ നിന്ന് ഭാണ്ഡക്കെട്ടുമായി തിരുവനന്തപുരത്ത് പാളയം കുന്നുകുഴിയിലേക്ക് തിരിയുന്നിടത്തുള്ള എ.കെ.ജി സെന്റർ ലാക്കാക്കി പുറപ്പെട്ടുവെന്ന് കേട്ടപ്പോൾ ഒരു ആധി കാൽമടമ്പിൽ നിന്ന് മേല്പോട്ട് ഉരുണ്ടുകയറിയതാണ്. അത് മേല്പോട്ട് കേറിക്കേറിപ്പോയി അടിവയറ്റിൽ കേറിയൊരു പിടുത്തമായിരുന്നു. അവിടുന്നങ്ങോട്ട് ഒരു തരം ഗ്യാസ്, അഥവാ ആന്ത്രവായു ദേഹമാസകലം പിടികൂടുന്ന തരത്തിൽ മാണികാപ്പൻജിയെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. കാപ്പൻജി അപ്പോൾ വിട്ട ഏമ്പക്കത്തിൽ അതിന്റെ എല്ലാ അലങ്കാരവും ലക്ഷണവും വൃത്തവും അടങ്ങിയിട്ടുണ്ടായിരുന്നു.

അതിൽ നിന്നൊരു ശമനം കിട്ടണമല്ലോയെന്ന് കരുതി പിണറായി സഖാവിനെ അന്നുതന്നെ പോയിക്കാണുകയുണ്ടായി. രോഗം കലശലാകും മുമ്പേ ചികിത്സിച്ച് ഭേദമാക്കുന്നതാണല്ലോ നല്ലത് എന്നാണ് കരുതിയത്. അതുകൊണ്ട് സഖാവിനെ പോയിക്കണ്ടു. പക്ഷേ സഖാവിൽ നിന്നുണ്ടായത് മൗനത്തിൽ പൊതിഞ്ഞൊരു പുഞ്ചിരിയായിരുന്നു. വരട്ടെ, നോക്കാം എന്ന മട്ട്! അതുകൊണ്ട് അസുഖം ഭേദമാകുമോ? ഇല്ലാ.

അങ്ങനെയും ഇങ്ങനെയുമൊന്നും അലിയുന്ന മനസ്സല്ല ആ ഇരട്ടച്ചങ്കിൽ എന്നറിയാവുന്നതിനാൽ കാപ്പൻജി സാമാന്യം വിസ്തരിച്ചു തന്നെ ആ പാട്ടങ്ങ് പാടുകയുണ്ടായി: "കണ്ണു നട്ട് കാത്തിരുന്നിട്ടും, എന്റെ കരളിന്റെ കരിമ്പു'പാലാ' കട്ടെടുത്തതാരാണ്...ഓ...കട്ടെടുത്തതാരാണ്... " സഖാവ് തിരിഞ്ഞു നോക്കുകയുണ്ടായില്ല. കാപ്പൻജി അടുത്ത ചരണത്തിലേക്ക് കടന്നു: "പൊന്നു കൊണ്ട് വേലി കെട്ടീട്ടും...എന്റെ... കൽക്കണ്ട കിനാവു 'പാലാ' കൊയ്തെടുത്തതാരാണ്... ഓ... കൊയ്തെടുത്തതാരാണ്..."!

ഈ ഘട്ടത്തിൽ മൗനത്തിന്റെ വാൽമീകം വെടിഞ്ഞ് പിണറായി സഖാവ് ഇടപെട്ടു. അടുത്ത ആണ്ടിൽ പെയ്യാനിരിക്കുന്ന മഴയ്ക്ക് ഇപ്പോഴേ കുട പിടിക്കേണ്ടതുണ്ടോ കാപ്പാ എന്ന് നീട്ടിച്ചോദിച്ചതേയുള്ളൂ പിണറായിസഖാവ് എന്നാണ് കാപ്പൻജിയുടെ പാട്ടുവിസ്താരത്തിനും അത് കേട്ടുകൊണ്ടുള്ള പിണറായിസഖാവിന്റെ നില്പിനും സാക്ഷികളായിരുന്ന ചിലർ പറയുന്നത്.

തുടർന്നിങ്ങോട്ടുള്ള നാളുകളിൽ കാപ്പന്റെ ആന്ത്രവായു കലശലായിക്കൊണ്ടിരുന്നു. പിണറായി സഖാവാകട്ടെ കേട്ടിട്ടോ കണ്ടിട്ടോ ഇല്ലെന്ന ഭാവത്തിൽ മൗനവാല്മീകവും അർദ്ധ മന്ദസ്മിതവുമായി കാലംകഴിച്ചുകൊണ്ടുമിരുന്നു. പാലായിൽ നിന്ന് പുറപ്പെട്ട ജോസ് മോൻ എ.കെ.ജി സെന്ററിലെത്തുകയും അവിടെ നിന്നൊരു റൂട്ടുമാപ്പും സംഘടിപ്പിച്ച് അതിന് മുമ്പ് കേട്ടിട്ടേയില്ലായിരുന്ന എം.എൻ സ്മാരകത്തിലുമെത്തുകയും അവിടെ നിന്നിറങ്ങി ഒരുതരം വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ഭൂതാവേശത്തെ ആവാഹിച്ച് സഞ്ചരിച്ച് തുടങ്ങുകയും ചെയ്തുകഴിഞ്ഞിരുന്നു. എ.കെ.ജി സെന്ററിലെത്തിയപ്പോൾ ജോസ് മോൻ ആദ്യം കണ്ടത് 'കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യാ മാർക്സിസ്റ്റ്' എന്ന് സഗൗരവം എള്ളുണ്ട കടിച്ചുപൊട്ടിക്കുന്ന ശബ്ദത്തിൽ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്ന ഗോവിന്ദൻമാഷ് സഖാവിനെയായിരുന്നു. മാഷിന്റെ വായിൽ നിന്നാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തെപ്പറ്റി ജോസ് മോൻ കേട്ടത്. ജോസ് മോന് ആ കേട്ടത് ധാരാളമായിരുന്നു!

കാപ്പൻജിയുടെ അവസ്ഥ ഇതിനോടകം അങ്ങേയറ്റം പരിതാപകരമായി മാറിക്കഴിഞ്ഞിരുന്നു. കരയുന്ന കുഞ്ഞിന് ഒരിക്കലും ഇവിടെ പാൽ കിട്ടില്ലെന്ന കയ്ക്കുന്ന യാഥാർത്ഥ്യത്തോട് പതുക്കെപ്പതുക്കെ കാപ്പൻജിയുടെ മനസ്സ് പൊരുത്തപ്പെടുന്നുണ്ടായിരുന്നു.

കാപ്പൻമാണിയും കരിങ്ങോഴയ്ക്കൽ മാണി മകൻ ജോസ് മാണിയും രണ്ടും രണ്ട് ജനുസ്സാണ്. ജോസ് മോൻ മാണി കരഞ്ഞില്ലെങ്കിലും പാൽ കിട്ടുമെന്ന അവസ്ഥയിലാണിപ്പോൾ എ.കെ.ജി സെന്ററിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കാപ്പൻ മാണിയുടെ കാര്യം കഷ്ടാൽ കഷ്ടതരമെന്നേ പറയേണ്ടൂ. തെളിച്ചുപറഞ്ഞാൽ ഒരു തരം വൈരുദ്ധ്യാത്മക ഭൗതികവാദം. സന്തോഷമുണ്ടാകണമെങ്കിൽ ദു:ഖവുമുണ്ടാകണം എന്നാണല്ലോ ആ വാദം പറയുന്നത്. ജോസ് മോന്റെ ചിരിക്ക് കാപ്പൻജിയുടെ കരച്ചിൽ വേണം.

ശരിക്കും പറഞ്ഞാൽ കാപ്പൻ മുട്ടാത്ത വാതിലുകളില്ല. ഡൽഹിയിൽ ആഴ്ചയ്ക്കാഴ്ചയ്ക്ക് വിമാനം കയറി പവാർജിയെയും പ്രഫൂൽപട്ടേൽജിയെയും മാറിമാറിക്കണ്ടു. പീതാംബരൻമാഷെ സഹായത്തിന് കൂട്ടി. പിണറായി സഖാവിനോട് പീതാംബരൻമാഷെക്കൊണ്ട് ശുപാർശ പറയിച്ചു. എന്നിട്ടൊന്നും തരിമ്പും പ്രയോജനമുണ്ടായില്ല എന്നുവച്ചാൽ എന്തു ചെയ്യാനാണ്. അള മുട്ടിയാൽ ചേരയും കടിക്കും എന്നായത് കൊണ്ട്, കാപ്പനും അത് ചെയ്തുവെന്നേയുള്ളൂ.

ഐശ്വര്യകേരള യാത്രയ്ക്കൊരു ഐശ്വര്യം കിട്ടുന്നുണ്ടെങ്കിൽ കാപ്പനെക്കൊണ്ട് അത്രയെങ്കിലുമായല്ലോ എന്നേ ആരും ചിന്തിക്കാവൂ. പാലായിൽ കാപ്പൻ ഐശ്വര്യകേരള യാത്രയെ സ്വീകരിക്കാൻ തീരുമാനിച്ചത് അള മുട്ടിയ ചേരയുടെ അവസ്ഥയിലായതിനാൽ മാത്രമാണ്.

- 'പാലാ, പാലാ...' എന്ന് കാപ്പൻജി ചോദിച്ചപ്പോഴെല്ലാം 'കേൾക്കുന്നില്ലാ, കേൾക്കുന്നില്ലാ...' എന്ന മട്ടിലാണത്രെ പിണറായി സഖാവ് തൊട്ട് വിജയരാഘവൻ സഖാവ് വരെയുള്ളവർ നടക്കുന്നത്.

തന്റെ സംസാരശേഷിയുടെ കുഴപ്പമാണോ എന്ന് കാപ്പൻജി സ്വാഭാവികമായും സംശയിക്കുകയുണ്ടായി. അതിവിദഗ്ദ്ധരായ ചില സ്പീച്ച് തെറാപ്പിസ്റ്റുകളുടെ വിദഗ്ദ്ധോപദേശം തേടി വന്ന ശേഷം, 'നടുക്കു യതി പാദാദി, പൊരുത്തമിത് കേകയാം' എന്ന് സങ്കല്പിച്ച് കേക വൃത്തത്തിൽ കാപ്പൻജി 'പാലാ, പാലാ...' എന്ന് നീട്ടിച്ചോദിച്ചെങ്കിലും പിണറായി സഖാവിൽ യാതൊരു ഭാവഭേദവും പ്രകടമായില്ല.

കേകയിൽ ചൊല്ലിയിട്ടും പ്രയോജനമില്ലാത്ത അവസ്ഥയിൽ, കാപ്പൻജി ഐശ്വര്യകേരള യാത്രയിൽ ഐശ്വര്യമായി കൊടി പിടിക്കുന്നതിലെന്താണ് തെറ്റ്! ചെന്നിത്തല ഗാന്ധി രമേശ്ജിക്കാണെങ്കിൽ ഐശ്വര്യം എപ്പോൾ, ഏതു നേരത്താണ് വന്നുപെടുകയെന്ന് ഒരു നിശ്ചയവുമില്ലാതെ നടക്കുകയായിരുന്നു. തേടിയ കാപ്പൻജി കാലിൽചുറ്റിയെന്നും പറഞ്ഞ് ചെന്നിത്തലാജി തുള്ളിച്ചാടി നടപ്പാണെന്നാണ് ഏറ്റവുമൊടുവിൽ കിട്ടുന്ന വിവരം.

താഴെ വച്ചാൽ ഉറുമ്പരിച്ചാലോ, തലയിൽ വച്ചാൽ പേനരിച്ചാലോ എന്ന് ഇടശ്ശേരി പൂതപ്പാട്ടിൽ പാടിയത് പോലെ കാപ്പൻജിയെ കൊണ്ടുനടന്നതായിരുന്നു പിണറായിസഖാവ് ആൻഡ് കോ. ഒന്നരക്കൊല്ലം മുമ്പ് പാലായിൽ ജോസ് മോനെ തളയ്ക്കാൻ പിണറായി സഖാവ് ആളും അർത്ഥവുമൊഴുക്കിയെന്നാണ് പറയുന്നത്. പിണറായി സഖാവിന്റെ അന്നത്തെ കാപ്പൻജിയെ തോല്പിക്കാൻ ആളും അർത്ഥവുമൊഴുക്കിയത് ചെന്നിത്തലാജി ആൻഡ് കോ. ആയിരുന്നു. ഇപ്പോൾ കാലവും കഥയും മാറി. ഇതാണ് ഗോവിന്ദൻമാഷ് പറഞ്ഞ യഥാർത്ഥ വൈരുദ്ധ്യാത്മക ഭൗതികവാദം... പിടികിട്ട്യാ!

ഇ-മെയിൽ: dronar.keralakaumudi@gmail.com