chalaka

വെഞ്ഞാറമൂട്: കൊവിഡ് കാലത്ത് മലയാളിയെ പട്ടിണിയിൽ നിന്നും രക്ഷിച്ച ചക്ക ഇപ്രാവശ്യം കിട്ടാക്കനിയാകുന്നു. ആവശ്യക്കാർ കൂടിയെങ്കിലും വിളവ് കുറഞ്ഞതോടെയാണ് ചക്ക കിട്ടാക്കനിയാകുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തവണ മിക്ക പ്ലാവുകളിലും കായ്ഫലം വളരെ കുറവാണ്. നാട്ടിൽ മാത്രമല്ല അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലും ഇപ്പോൾ ചക്കയ്ക്ക് ആവശ്യക്കാരേറെയാണ്. എല്ലാവർഷവും നിറയെ കായ്ക്കുന്ന പ്ലാവുകളിൽ ഇത്തവണ പേരിന് ഒന്നോ രണ്ടോ ചക്ക മാത്രമാണ് ഉണ്ടായതെന്ന് കർഷകർ പറയുന്നു. പ്രളയം കഴിഞ്ഞപ്പോഴും കുറഞ്ഞിരുന്നു. ഇത്തവണ ചക്ക ഉത്പാദനത്തിൽ 40 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോൾ വിപണിയിൽ എത്തിയിട്ടുള്ള ചക്കയ്ക്ക് വിലയും കൂടുതലാണ്. ചക്ക ഒന്നിന് 300 രൂപ വരെയാണ് വില. വരിക്കച്ചക്കയുടെ വില കുതിച്ചുയരുകയാണ്. ചക്ക വലുതാകും മുമ്പേയുള്ള ഇടിച്ചക്കയ്ക്കും വില കൂടുതലാണ്. 35 മുതൽ 50 രൂപ വരെയാണ് വില.

വില പ്രശ്നമല്ല

ചക്ക കിട്ടാനുണ്ടെങ്കിൽ വില എത്രയായാലും കുഴപ്പമില്ലെന്നാണ് ആവശ്യക്കാർ പറയുന്നത്. സാധാരണ വരിക്കച്ചക്കയ്ക്കാണ് പ്രിയം എങ്കിലും കിട്ടാനില്ലാത്തതിനാൽ ഇത്തവണ ചക്ക ഏതായാലും മതിയെന്നാണ് ആവശ്യക്കാരുടെ പക്ഷം. മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ പല പ്രമുഖ കമ്പനികളും ചക്കയ്ക്കായി നെട്ടോട്ടത്തിലാണ്. ജില്ലയിൽ കുടുംബശ്രീ സംരംഭകരുടെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ചക്ക വിഭവങ്ങൾ.

മഴ ചതിച്ചു

തുലാവർഷം അവസാനിക്കുന്ന സമയത്താണ് പ്ലാവിൽ ചക്കകളുണ്ടാവുന്നത്. എന്നാൽ ഇത്തവണ തുലാവർഷം കഴിഞ്ഞും മഴ തുടർന്നതോടെ പൂവ് കൊഴിഞ്ഞു. ഇതാണ് ചക്ക ഉത്പാദനം കുറയാൻ കാരണം. മഴ നിന്നതോടെ ചില സ്ഥലങ്ങളിൽ വൈകി ചക്ക ഉണ്ടാകുന്നുണ്ട്. സാധാരണ ഡിസംബറിലാണ് ചക്ക കൂടുതലായി കായ്ക്കുന്നത്. കഴിഞ്ഞതവണ ചക്ക സുലഭമായിരുന്നെങ്കിലും കൊവിഡ് വ്യാപനം കാരണം കച്ചവടം നടന്നില്ല.