
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ മുമ്പ് മൂന്നുതവണ മത്സരിച്ചിട്ടുള്ള ആരെയും സ്ഥാനാർത്ഥികളായി പരിഗണിക്കേണ്ടതില്ലെന്ന സി.പി.ഐ തീരുമാനം പുതുമയുള്ളതും മാതൃകാപരവുമാണ്. പാർട്ടി വിവിധതലങ്ങളിൽ വിശദമായി ചർച്ചചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. അതിനാൽ പാർട്ടി തീരുമാനത്തിനെതിരെ പാർട്ടിയിൽ അസ്വാരസ്യങ്ങൾ തലപൊക്കാൻ സാദ്ധ്യതയില്ലെന്നു വേണം കരുതാൻ. പാർട്ടി തീരുമാനം അംഗീകരിക്കാൻ ബാദ്ധ്യസ്ഥരായതിനാൽ എന്തായാലും പരസ്യമായ എതിർപ്പ് ഉയരുകയില്ലെന്ന് ഉറപ്പിക്കാം.
നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങാൻ അധിക ദിവസങ്ങളില്ലാത്തതിനാൽ എല്ലാ പാർട്ടികളും തിരഞ്ഞെടുപ്പ് ഗോദയിൽ ഇപ്പോൾ സജീവമാണ്. സീറ്റ് നിർണയവും സ്ഥാനാർത്ഥി നിർണയവും പരക്കെ ചർച്ചാവിഷയമാണ്. അതിനിടയിലാണ് സി.പി.ഐ ഒരു പടി കടന്ന് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പുതുമയാർന്ന മാനദണ്ഡവുമായി മുന്നോട്ടു വന്നിരിക്കുന്നത്. സി.പി.ഐ നേതൃതീരുമാനം നടപ്പാകുമ്പോൾ മൂന്നു മന്ത്രിമാരുൾപ്പെടെ ആറുപേർക്കാവും മത്സരിക്കാൻ വിലക്ക് വരുന്നത്. മത്സരക്കളരിയിൽ നിന്ന് ഒഴിഞ്ഞുമാറേണ്ടി വരുന്നവരെല്ലാം തന്നെ തങ്ങളുടെ പ്രാഗത്ഭ്യവും കഴിവും കൊണ്ട് ശ്രദ്ധേയരായവർ തന്നെ. തുടർന്നും മത്സരിക്കാനും ജനാധിപത്യ ഭരണത്തിന്റെ ഭാഗമാകാനും ആഗ്രഹമുള്ളവരും കൂട്ടത്തിലുണ്ടാകുമെന്നത് വിസ്മരിച്ചുകൂടാ. എന്നിരുന്നാലും പാർട്ടി കൈക്കൊണ്ട നയതീരുമാനം ശിരസാവഹിക്കാൻ അവരും ബാദ്ധ്യസ്ഥരാണ്. നിയമസഭയിലേക്ക് പുതുമുഖങ്ങൾക്ക് വഴിയൊരുക്കാൻ വേണ്ടിയാണ് പുതിയ മാനദണ്ഡം കൊണ്ടുവരുന്നതെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ വിശദീകരണം. തീർച്ചയായും സ്വാഗതാർഹമായ മാറ്റമാണിത്. സീറ്റുകൾ അട്ടിപ്പേറായി മരണം വരെ കൊണ്ടുനടക്കുന്ന പൊതുരീതിയിൽ മാറ്റമുണ്ടാകുന്നത് ജനാധിപത്യഭരണ സമ്പ്രദായത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഉത്തമം തന്നെയാണ്. നിയമസഭാ സമാജികനെന്ന നിലയിൽ രജതജൂബിലിയും സുവർണ ജൂബിലിയുമൊക്കെ കൊണ്ടാടുന്ന ഇക്കാലത്ത് പുതുമുഖങ്ങളെയും നിയമനിർമ്മാണസഭയുടെ ഭാഗമാക്കണമെന്ന ചിന്തയ്‌ക്ക് പാരമ്പര്യ രാഷ്ട്രീയത്തിൽ അധികം വേരോട്ടമൊന്നുമില്ല. ഐക്യമുന്നണി സംവിധാനമാകുമ്പോൾ ഓരോ കക്ഷിക്കും ലഭിക്കാവുന്ന സീറ്റുകൾക്കും പരിമിതിയുണ്ടാകും. പയറ്റിത്തെളിഞ്ഞവർ തന്നെ വേണ്ടുവോളമുള്ളപ്പോൾ പുതുമുഖങ്ങൾക്കും വനിതകൾക്കും എവിടെ സ്ഥാനം ലഭിക്കും? ഈ പശ്ചാത്തലത്തിൽ സി.പി.ഐ കൈക്കൊണ്ട ഇപ്പോഴത്തെ മാനദണ്ഡം എന്തുകൊണ്ടും അനുകരണീയം തന്നെ. മുൻപും സമാന മാനദണ്ഡവുമായി പാർട്ടി മുന്നോട്ടുവന്നത് ഓർക്കുന്നു. രണ്ടുവട്ടം മത്സരിച്ചവർ മാറിനിൽക്കണമെന്ന് 2016-ലെ തിരഞ്ഞെടുപ്പിൽ നിർദ്ദേശം വന്നിരുന്നു. എന്നാൽ മുതിർന്ന നേതാക്കളുടെ കാര്യത്തിൽ അത് ഇളവു ചെയ്യേണ്ടിവരികയായിരുന്നു. ഇത്തവണ പക്ഷേ മാനദണ്ഡത്തിൽ ഒരുവിധ ഇളവുമില്ലെന്നാണു പ്രഖ്യാപനം.
നവാഗതർക്കു മാത്രമല്ല എല്ലാ വിഭാഗക്കാരെയും, പ്രത്യേകിച്ചും വനിതകളെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്താനും മനസുവച്ചാലേ തുല്യനീതിയും അവസരവും എന്ന ലക്ഷ്യം നേടാനാവൂ. പാർട്ടിയുടെയോ പോഷക സംഘടനകളുടെയോ ഭാരവാഹികളായിരിക്കുന്നവർ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇപ്പോൾ വഹിക്കുന്ന പദവി ഒഴിയേണ്ടിവരുമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. കക്ഷത്തിലിരിക്കുന്നത് പോകയുമരുത് ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണമെന്ന നിലപാട് വേണ്ടെന്ന തീരുമാനവും നല്ലതുതന്നെ. അവസരങ്ങൾ തുല്യവും നീതിപൂർവവുമായി വീതിക്കപ്പെടുമ്പോഴാണ് ജനാധിപത്യവ്യവസ്ഥ അർത്ഥപൂർണമാകുന്നത്. ഒരേആൾ തന്നെ ആയുഷ്‌കാലം മത്സരിക്കുകയും ജയിക്കുകയും മന്ത്രിയാവുകയും ചെയ്യുന്ന പ്രവണതയാണ് രാജ്യത്ത് പൊതുവേ കാണുന്നത്. രാജവാഴ്ചക്കാലത്തുപോലും കാണാത്ത പ്രതിഭാസമാണിത്. അധികാരം ഉറപ്പിച്ചുകഴിഞ്ഞാൽ ജന്മാവകാശം പോലെ അത് കൊണ്ടുനടക്കുന്നവർ കസേരയൊഴിയാൻ സ്വയം തയ്യാറാകുന്ന ചരിത്രമേയില്ല. കുതന്ത്രങ്ങൾ പയറ്റിയും കൂടെയുള്ളവരെ ചവിട്ടിത്താഴ്‌ത്തിയും ഏതുവിധേനയും അധികാര സ്ഥാനം നിലനിറുത്താനാണ് ശ്രമം. മണ്ഡലം പട്ടയം കിട്ടിയതുപോലെ കൊണ്ടുനടക്കുന്നവരുണ്ട്. വ്യക്തിക്കല്ല പാർട്ടിക്കാണ് പ്രാമുഖ്യമെന്നും പാർട്ടിയുടെ ജനസ്വാധീനമാണ് തിരഞ്ഞെടുപ്പു വിജയത്തിന് അടിസ്ഥാനമെന്നുമുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായം ഭാഗികമായേ ശരിയാകൂ. മത്സരരംഗത്ത് സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവവും ജനസമ്മതിയും നിർണായക ഘടകങ്ങൾ തന്നെയാണ്. പാർട്ടിക്കതീതമായി സ്ഥാനാർത്ഥിയുടെ മഹിമ കൊണ്ടും ജയിച്ചുവന്ന എത്രയോ പേരുണ്ട്.
മൂന്നുവട്ട മാനദണ്ഡം കർക്കശമായി നടപ്പാകുന്നതോടെ കാര്യശേഷിയുള്ള മികച്ച ഏതാനും സാമാജികരെ സി.പി.ഐയ്ക്കു പുറത്തിരുത്തേണ്ടിവരും. നിയമസഭാ നടപടികളിൽ കാര്യഗൗരവത്തോടെ എക്കാലവും പങ്കെടുക്കാറുള്ള സി. ദിവാകരൻ, മുല്ലക്കര രത്നാകരൻ, മന്ത്രി വി.എസ്. സുനിൽകുമാർ തുടങ്ങിയവരുടെ അഭാവം പാർട്ടിക്ക് വലിയ നഷ്ടം തന്നെയാകും. അവരുടെ സ്ഥാനങ്ങൾ ഏറ്റെടുക്കാൻ പാകത്തിൽ യുവനിരയെ വളർത്തിക്കൊണ്ടുവരാൻ പാർട്ടിക്കു കഴിയണം. അത് അസാദ്ധ്യമായ കാര്യമൊന്നുമല്ല. മുതിർന്നവർ ഒഴിയുന്ന സ്ഥാനത്താണ് പുതുതലമുറ കടന്നുവന്ന് സ്വന്തം പരിശ്രമം കൊണ്ട് ഉയരങ്ങൾ വെട്ടിപ്പിടിക്കാറുള്ളത്. അത് ചരിത്രഗതിയാണ്.