
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ പതിനഞ്ചിനു മുമ്പ് നടത്തണമെന്ന് സി.പി.എമ്മും കോൺഗ്രസും സി.പി.ഐയും ആവശ്യപ്പെട്ടു. എന്നാൽ, മേയ് പകുതിയിൽ മതിയെന്നാണ് ബി.ജെ.പിയുടെ നിലപാട്. ഒറ്റഘട്ടമായി നടത്തണം എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ല.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് നിലപാട് വ്യക്തമാക്കിയത്. വിഷുവും റംസാൻ നാെയമ്പും വരുന്നതിനാലാണ് ഏപ്രിലിൽ നടത്തണമെന്ന് സി.പി.എം നേതാക്കളായ ആനത്തലവട്ടം ആനന്ദനും കെ.എൻ.ബാലഗോപാലും ആവശ്യപ്പെട്ടത്.
ഏപ്രിൽ 6 നും 14 നും ഇടയിൽ നടത്താമെന്ന് കോൺഗ്രസ് നേതാക്കളായ മുൻ എം.പി പി.സി.ചാക്കോയും എം.എൽ.എമാരായ കെ.സി.ജോസഫും വി.ഡി.സതീശനും നിർദേശിച്ചു. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ മേയ് പകുതിയിൽ മതിയെന്ന് ബി.ജെ.പി കേന്ദ്ര നിരീക്ഷകൻ ഒാം പഥക്, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ട്രഷറർ ജെ.ആർ. പത്മകുമാർ, സെക്രട്ടറി എസ്. സുരേഷ് എന്നിവർ പറഞ്ഞു.