binoy-viswam

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ തിരിച്ചുവരുമെന്നതിൽ ജനങ്ങൾക്ക് സംശയമില്ലെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം പറഞ്ഞു. 'കേരളത്തിൽ പുതിയ രാഷ്ട്രീയ മുഖമുണ്ടാവുകയാണ്. പഴയ ചിട്ടപ്രകാരമുള്ള ഇന്ന് ഞാൻ, നാളെ നീ എന്ന സങ്കല്പമല്ല. ഇന്നും നാളെയും ഞാൻ തന്നെയെന്ന് എൽ.ഡി.എഫ് പറയാൻ പോകുന്നു"- എൽ.ഡി.എഫിന്റെ ഇന്നാരംഭിക്കുന്ന തെക്കൻ മേഖലാജാഥ നയിക്കുന്ന ബിനോയ് വിശ്വം കേരളകൗമുദിയോട് പറഞ്ഞു.

 തുടർഭരണ പ്രതീക്ഷയെത്രത്തോളം?

എൽ.ഡി.എഫ് സർക്കാർ പുതിയ കേരളം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധേയമായ വഴികൾ ചൂണ്ടിക്കാട്ടിക്കൊടുത്തിട്ടുണ്ട്. വർഗീയപ്രീണനം പിൻപറ്റുന്ന വലതുപക്ഷ സർക്കാരുകൾ പാവപ്പെട്ടവരെയും ന്യൂനപക്ഷങ്ങളെയും കടന്നാക്രമിച്ച് വൻകിടക്കാർക്കായി പ്രവർത്തിക്കുമ്പോൾ, ജനങ്ങളെ ഒന്നായി കണ്ടും സംസ്ഥാനത്തിന്റെ വളർച്ചയ്‌ക്കുള്ള ബദൽ വികസന പരിപാടി കാഴ്ചവച്ചും വികസനത്തിന്റെ രാഷ്ട്രീയമെന്തെന്ന് ബോദ്ധ്യപ്പെടുത്തിയും നീങ്ങുന്ന സർക്കാരാണിത്. ആ സർക്കാർ തിരിച്ചുവരുമെന്നതിൽ ജനങ്ങൾക്കുറപ്പുണ്ട്.

 ആരോപണങ്ങൾക്ക് പിന്നാലെ യുവാക്കളുടെ സമരവും നടക്കുന്നു ?

കേരളത്തെ ഒന്നിപ്പിക്കാനുള്ള ജാഥയാണിത്, ഭിന്നിപ്പിക്കാനുള്ളതല്ല. തർക്കങ്ങൾക്കും വിവാദങ്ങൾക്കും വഴിമരുന്നിടാനോ വിവാദങ്ങളിൽ കുരുങ്ങാനോ ഒട്ടും താത്പര്യമില്ല. യുവാക്കളുടെ സമരത്തോട് ഞങ്ങൾക്കുള്ളത് ശത്രുതയല്ല. അവരുടെ പ്രശ്നത്തെ നമ്മുടെ സ്വന്തം ഫീലോടെയാണ് കാണുന്നത്. പി.എസ്.സി മുഖേന ഏറ്റവുമധികം തൊഴിൽ കൊടുത്ത സർക്കാരാണിത്. പി.എസ്.സിയിലൂടെയോ സർക്കാർ സർവീസിലൂടെയോ മാത്രം തൊഴിലില്ലായ്‌മ പരിഹരിക്കാമെന്ന് ആ ചെറുപ്പക്കാരും ചിന്തിക്കാനിടയില്ല. എല്ലാ തുറകളിലും തൊഴിലവസരമുണ്ടാക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്.

സർക്കാരിന്റെ വിശദീകരണം ചെറുപ്പക്കാർ ഉൾക്കൊള്ളുന്നുണ്ടോ?

ഞങ്ങൾക്കവരോട് സ്നേഹം മാത്രമാണ്. അത് മുൻനിറുത്തി ഞങ്ങളവരോട് പറയുന്നു, വോട്ട് രാഷ്ട്രീയം മാത്രം മനസിലുള്ള യു.ഡി.എഫിന്റെയോ ബി.ജെ.പിയുടെയോ കൈയിലെ പാവകളായി മാറാതിരിക്കാൻ ശ്രമിക്കുക.

തെക്കൻജാഥ തുടങ്ങാനിരിക്കെയാണ് മേഖലയിൽ നിന്നുള്ള മുന്നണിയുടെ എം.എൽ.എയായ മാണി സി. കാപ്പന്റെ ചുവടുമാറ്റം?

അതൊരു എടുത്തുചാട്ടമെന്ന് നാളെ കാപ്പൻ പറയും.

തിരഞ്ഞെടുപ്പിന്റെ നിർണായകഘട്ടത്തിൽ യു.ഡി.എഫിനത് എൽ.ഡി.എഫിനെ അടിക്കാനുള്ള ആയുധമായില്ലേ?

എൽ.ഡി.എഫിന് ഒരു തരത്തിലുള്ള ഭീഷണിയുമല്ലത്. യു.ഡി.എഫ് എന്ന നടുവൊടിഞ്ഞ, അനുദിനം മുങ്ങിത്താഴുന്ന കപ്പലിലേക്ക് എടുത്തുച്ചാട്ടത്തിന്റെ ഫലമായി ഒരാൾകൂടി എത്തുന്നുവെന്നേയുള്ളൂ. ആ ഭാരം കൂടി ആ കപ്പലിന് താങ്ങാനാവുമോയെന്നതാണ് ചോദ്യം.

മുന്നണിയിൽ സ്വാഭാവികനീതി നിഷേധിക്കപ്പെട്ടുവെന്ന കാപ്പന്റെ വികാരം കണക്കിലെടുക്കേണ്ടേ?

അഖിലേന്ത്യാ എൻ.സി.പി നേതൃത്വം തീരുമാനം പറയും മുമ്പാണല്ലോ അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഞാൻ വളരെ ഹൃദ്യമായിട്ട് ശരദ് പവാറുമായും പ്രഫുൽ പട്ടേലുമായും ഡൽഹിയിൽ ഇതിലിടപെട്ട് സംസാരിച്ചയാളാണ്. 35- 40 കൊല്ലമായി എൽ.ഡി.എഫിന്റെ ഭാഗമായിട്ടുള്ള എൻ.സി.പിക്ക് ഇവിടെ തുടരാനാണ് താത്പര്യമെന്നാണ് രണ്ട് നേതാക്കന്മാരും പറഞ്ഞത്. അത് മുൻനിറുത്തി മറ്റ് വിഷയങ്ങൾ പരിഹരിക്കാൻ എൻ.സി.പി ശ്രമിക്കും. അതാണ് എന്റെ പാർട്ടിക്കും മുന്നണിക്കും ഞാൻ കൈമാറേണ്ട സന്ദേശമെന്ന് പവാർജിയും പട്ടേലും എന്നോട് പറഞ്ഞു. സി.പി.എം നേതാക്കളോടും പറഞ്ഞിട്ടുണ്ട്. ചർച്ചയിൽ കിടക്കുന്ന കാര്യത്തിൽ തീരുമാനമാകും മുമ്പ് എടുത്തുചാടിയത് എന്തിനാണെന്ന് കാപ്പൻ പറയേണ്ടിവരും.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിളക്കം തുടരുമെന്നാണോ?

നിസംശയം. അതിൽ നിന്ന് ഊറ്റം കൊണ്ട് ഞങ്ങൾ മുന്നോട്ട് പോകും. അത് ഞങ്ങളുടെ വിശ്വാസ്യതയുടെയും ജനപിന്തുണയുടെയും മാറ്റ് വർദ്ധിപ്പിച്ചിട്ടുണ്ട്. അതിനിയും വർദ്ധിക്കും. ഞങ്ങൾക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. ഇടതുപക്ഷം ഒരു വിജയത്തിലും അഹങ്കരിക്കാൻ പാടില്ല.