ഒരു പതിറ്റാണ്ടിനു ശേഷം പ്രഭാസ് റൊമാന്റിക് നായകനായി അഭിനയിക്കുന്ന രാധേശ്യാമിന്റെ ടീസർ ഇന്ന്
റിലീസ് ചെയ്യും

ആരാധകർക്ക് പ്രണയസമ്മാനവുമായി ഇന്ന് പ്രഭാസ് എത്തുന്നു. ഒരു പതിറ്റാണ്ടിനു ശേഷം റൊമാന്റിക് വേഷത്തിൽ പ്രഭാസ് അഭിനയിക്കുന്ന രാധേശ്യാമിന്റെ ഔദ്യോഗിക ടീസർ ഇന്ന് റിലീസ് ചെയ്യും. ഏറെ ആരാധകവൃന്ദമുള്ള താരത്തിന്റെ വേറിട്ടൊരു വേഷമാണ് രാധേശ്യാമിലേത്. രാധാകൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്നുണ്ട്.
വിക്രമാദിത്യ എന്നാണ് രാധേശ്യാമിൽ പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വിക്ര്മാദിത്യ പ്രണയിക്കുന്ന പ്രേരണ എന്ന പെൺകുട്ടിയായി പൂജ െഹഗ്ഡെ എത്തുന്നു. ബോളിവുഡ് താരം സച്ചിൻ ഖഡേക്കർ, കുനാൽ റോയി കപൂർ, ഭാഗ്യ ശ്രീ എന്നിവരാണ് മറ്റുപ്രധാനതാരങ്ങൾ.
താരജാഡയില്ലാതെ എല്ലാവരോടും ഒരേ രീതിയിൽ പെരുമാറുന്ന വ്യക്തിത്വമാണ് പ്രഭാസിന്റേത്. ഭാഷയുടെ അതിർവരമ്പുകളില്ലാതെ എല്ലാ പ്രേക്ഷകരും ഈ നടനെ നെഞ്ചിലേറ്റുന്നു. പ്രഭാസിന്റെ ഓരോ സിനിമയ്ക്കു വേണ്ടിയും ആരാധകർ കാത്തിരിക്കുന്നു. അതേപോലെ പ്രഭാസിന്റെ വിവാഹവും ആരാധകർ ഉറ്റുനോക്കുന്നു. വയസ് 41 പിന്നിട്ടിട്ടും പ്രഭാസ് വിവാഹം കഴിക്കാത്തതിൽ ഇവർക്ക് സങ്കടമുണ്ട്. എന്നാൽ വലിയ ഒരു ബിസിനസ് കുടുംബത്തിൽ നിന്ന് വിവാഹം ഉറപ്പിച്ചുവെന്ന് വാർത്ത അടുത്തിടെ വന്നിരുന്നു. ഇൗ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബാഹുബലി സീരിസിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ വിവാഹത്തിൽ നിന്ന് പ്രഭാസ് ഒഴിഞ്ഞുമാറുകയായിരുന്നുവത്രേ. ബാഹുബലി സീരിസിൽ തന്റെ നായികയായി അഭിനയിച്ച അനുഷ്കയുമായി പ്രഭാസ് പ്രണയത്തിലാണെന്നും ഇരുവരും ഉടൻ വിവാഹിതരാകുമെന്നും ഗോസിപ്പുകൾ പ്രചരിച്ചിരുന്നുവെങ്കിലും പ്രഭാസും അനുഷ്കയും ഒരിക്കലും അത്തരം ഉൗഹാേപാഹങ്ങൾക്ക് മറുപടി പറഞ്ഞിരുന്നില്ല. ബാഹുബലി സീരിസ് കൂടാതെ ബില്ല, മിർച്ചി എന്നീ ചിത്രങ്ങളിലും പ്രഭാസും അനുഷ്കയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും സ്ക്രീൻ കെമിസ്ട്രിക്ക് ആരാധകർ ഏറെയാണ്. പക്ഷേ പ്രഭാസ് ബാച്ചിലർ ജീവിതം തുടരുകയാണ്. അടുത്ത വാലന്റൈൻസ് ദിനത്തിന് മുൻപ് പ്രഭാസിന്റെ ജീവിതത്തിൽ മറുപാതി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
സൂപ്പർഹിറ്റ് നായകനായി മിന്നുന്ന സമയത്ത് മൂന്നുവർഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുന്നത് അബദ്ധമാണോ എന്നു പലരും ചോദിച്ചിരുന്നു. ആ സംശയത്തിനുള്ള മറുപടിയായിരുന്നു ബാഹുബലിയുടെ വിജയം. സൂര്യനാരായണ രാജുവിന്റെയും ശിവകുമാരിയുടെയും ഇളയ മകനായ പ്രഭാസ് 2002ൽ ഈശ്വർ എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമ ഭൂമിയിലേക്ക് തേരിലേറുന്നത്. രാഘവേന്ദ്ര, വർഷം തുടങ്ങി എണ്ണം പറഞ്ഞ സിനിമകൾ. ഛത്രപതി, പ്രഭാസിനെ സൂപ്പർതാരമാക്കി. എന്നാൽ ഒന്നോ രണ്ടോ സിനിമ വിജയിച്ചാൽ ഒന്നാം നിരക്കാരനായി എന്ന് പ്രഭാസ് വിശ്വസിക്കുന്നില്ല. 23 കോടി രൂപയായിരുന്നു ബാഹുബലിയിൽ പ്രഭാസിന്റെ പ്രതിഫലം. സാഹോയ്ക്കു ശേഷം എത്തുന്ന പ്രഭാസ് ചിത്രമാണ് രാധേശ്യാം.
പ്രഭാസും കന്നട സൂപ്പർ സ്റ്റാർ യഷും ചേർന്ന് അഭിനയിക്കുന്ന സലാർ ഈ വർഷം അവസാനം റിലീസ് ചെയ്യുമെന്നാണ് വിവരം. സലാർ പൂർണമായും ആക്ഷൻ ത്രില്ലർ ചിത്രമാണ്. പ്രശാന്ത് നീൽ ആണ് സലാറിന്റെ സംവിധായകൻ. കന്നട, തെലുങ്ക്, ഭാഷകളിലാണ് എത്തുന്നത്. സെയ്ഫ് അലിഖാനൊപ്പം അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം ആദിപുരുഷിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. അഞ്ചു ഭാഷകളിലാണ് ആദിപുരുഷ് എത്തുന്നത്. മഹാഭാരതത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. പ്രഭാസ് നായകനാകുന്ന 22-ാം ചിത്രമാണ് ആദിപുരുഷ്. ഓംറൗട്ടാണ് ആദിപുരുഷിന്റെ സംവിധായകൻ. രാധേശ്യാമിനു ശേഷം നിർമ്മാതാവ് ഭൂഷൺ കുമാറും പ്രഭാസും ഒത്തുചേരുന്ന മൂന്നാമത്തെ സിനിമയായ ആദിപുരുഷ് ത്രിമാന ചിത്രം കൂടിയാണ്.