
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്‌ബെൽ' ഡിജിറ്റൽ ക്ലാസുകളിൽ പത്ത്, പ്ലസ് ടു ക്ലാസുകൾക്കുള്ള റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഇന്ന് (ഞായർ) പൂർത്തിയാകും.
നാളെ മുതൽ പ്ലസ് വണ്ണിന് ആറും എട്ട്, ഒൻപത് ക്ലാസുകൾക്ക് മൂന്നും വീതം ക്ലാസുകൾ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. പ്ലസ് വൺ ക്ലാസുകൾ രാവിലെ എട്ട് മുതലും എട്ട്, ഒൻപത് ക്ലാസുകൾ യഥാക്രമം മൂന്നിനും 4.30 നും സംപ്രേഷണം ആരംഭിക്കും. പ്രീപ്രൈമറി മുതൽ ഏഴുവരെയുള്ള ക്ലാസുകൾ നിലവിലുള്ള സമയത്തുതന്നെയായിരിക്കും.
പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾക്ക് സംശയ നിവാരണം ഫോൺഇൻ രൂപത്തിൽ ലൈവായി നടത്താനും സംവിധാനമുണ്ട്. ക്ലാസുകൾ firstbell.kite.kerala.gov.in ൽ ലഭ്യമാണ്.