
തിരുവനന്തപുരം: രാജ്യത്തെ ട്രെയിൻ ഗതാഗതം ഏപ്രിൽ ഒന്നു മുതൽ പതിവു രീതിയിലേക്ക് മടങ്ങിയേക്കും. കൊവിഡ് വ്യാപനം തീരെ കുറയുമെന്ന കണക്കുകൂട്ടലിലാണിത്. പൂർണ സർവീസിന് സജ്ജമാവാൻ ഡിവിഷൻ ഓഫീസുകൾക്ക് റെയിൽവേ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര അഭ്യന്തര വകുപ്പിന്റെ അന്തിമാനുമതി ലഭിച്ചാലുടൻ സർവീസുകൾ തുടങ്ങും.
സർവീസ് സാധാരണനിലയിലാക്കണമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജനുവരിയിൽ തുടങ്ങാൻ റെയിൽവേ സജ്ജമായെങ്കിലും കൊവിഡ് ബാധ കുറയാത്തതിനാൽ ആഭ്യന്തര വകുപ്പ് അനുമതി നൽകിയില്ല.
ബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ പാസഞ്ചർ സർവീസുകൾ നേരത്തെ ആരംഭിച്ചിരുന്നു. കേരളത്തിൽ രോഗബാധ കൂടുതലായതിനാൽ അതിന് അനുമതി കിട്ടിയില്ല. 65% ട്രെയിനുകൾ സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്.
സ്ഥിരം യാത്രക്കാർ ദുരിതത്തിൽ
പാസഞ്ചർ, മെമു സർവീസുകൾ ഇല്ലാത്തതിനാലും ഇപ്പോൾ ഓടുന്ന ട്രെയിനുകളിൽ റിസർവേഷൻ നിർബന്ധമായതിനാലും ഏറെ ബുദ്ധിമുട്ടിലായത് തുച്ഛവരുമാനക്കാരായ സ്ഥിരം യാത്രക്കാരാണ്. തൊട്ടടുത്ത സ്റ്റേഷനിലേക്കായാലും റിസർവ് ചെയ്യണം.