boar

വിതുര: കാട്ടാനയ്ക്കും, കാട്ടുപോത്തിനും പുറമേ കാടിന്റെ അതിരുതാണ്ടി നാട്ടിലിറങ്ങുന്ന കാട്ടുപന്നികൾ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നു. പാട്ടത്തിനെടുത്തും കടം വാങ്ങിയും ലോണെടുത്തും കർഷകർ വിളവിറക്കുന്ന കൃഷികൾ കാട്ടുപന്നികൾ നശിപ്പിക്കുന്നത് വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ സ്ഥിരമായിരിക്കുകയാണ്. പകൽ സമയത്തും പന്നികൾ നാട്ടിലിറങ്ങിയതോടെ ജനം ദുരിതത്തിലായി. വാഴയും,​ മരച്ചീനിയും,​ പച്ചക്കറി കൃഷികളുമാണ് കാട്ടുപന്നികൾ പിഴുതെറിയുന്നത്. ഇത്തരത്തിൽ കൃഷി നഷ്ടം സംഭവിക്കുന്നത് കാരണം പ്രദേശത്തെ ഒട്ടുമിക്ക കർഷകരും കടക്കെണിയിലായിരിക്കുകയാണ്.

ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കർഷകർ പറയുന്നത്. തൊളിക്കോട് പഞ്ചായത്തിലെ വനമേഖലയോട് ചേർന്നുള്ള നാഗര,​ ഭദ്രംവച്ചപാറ,​ പുളിച്ചാമല, കാലങ്കാവ് മേഖലകൾ സന്ധ്യ മയങ്ങിയാൽ പിന്നെ കാട്ടുപന്നികളുടെ വിഹാര കേന്ദ്രമാണ്.ഈ സമയങ്ങളിൽ ഇതുവഴി കാൽനടയാത്ര പോലും അസാദ്ധ്യമാണ്. ആദിവാസി മേഖലകളുടെയും അവസ്ഥ ഇതുതന്നെ. ആദിവാസി മേഖലയ്ക്ക് പുറമേ വിതുര പഞ്ചായത്തിലെ മറ്റ് സ്ഥലങ്ങളിലും കാട്ടുപന്നിയുടെ ശല്യം നിമിത്തം കൃഷി നശിക്കുകയാണ്. ഇവിടങ്ങളിൽ പൗൾട്രിഫാമുകളിൽ നിന്നുള്ള ഇറച്ചി മാലിന്യങ്ങളും മറ്റും ഇവിടെ നിക്ഷേപിക്കുന്നതും ഇവിടെ കാട്ടുപന്നികളുടെ വിഹാരകേന്ദ്രമാവാൻ കാരണമാകുന്നുണ്ട്. പന്നിശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കർഷകർ നിരവധി തവണ വനംവകുപ്പിന് പരാതി നൽകിയിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ല.

മരണം രണ്ടായി

കാട്ടുപന്നികളുടെ ആക്രമണത്തെ തുടർന്ന് തൊളിക്കോട് പഞ്ചായത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം ചായം മാങ്കാട് സ്വദേശിയും കർഷകനുമായ സുനിൽകുമാർ കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് ബൈക്കിൽ നിന്നും വീണ് മരിച്ചിരുന്നു. ഒരു വർഷം മുൻപ് നാഗര കാലങ്കാവ് ഭാഗത്ത് പുലർച്ചെ ബൈക്കിൽ ടാപ്പിംഗിന് പോയ ഗൃഹനാഥൻ കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ആറ് പേരെ കാട്ടുപന്നികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.

നടപടി സ്വീകരിക്കും

തൊളിക്കോട് പഞ്ചായത്തിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തര നടപടികൾ സ്വീകരിപ്പിക്കും.

വി.ജെ. സുരേഷ്, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ്

40 പന്നികളെ കൊന്നു

പന്നി ശല്യം വ്യാപകമായതിനെ തുടർന്ന് നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവച്ച് കൊല്ലാൻ സർക്കാർ വനംവകുപ്പിന് പ്രത്യേക അനുമതി നൽകിയിരുന്നു. ഇതിൻെറ ഭാഗമായി വിതുര, പുല്ലമ്പാറ, കല്ലറ, മടവൂർ,പനവൂർ, വെമ്പായം പഞ്ചായത്തുകളിലായി നാട്ടിലിറങ്ങി നാശം വിതച്ച 40 പന്നികളെ വനംവകുപ്പിൻെറ നേതൃത്വത്തിൽ വെടിവെച്ച് കൊന്നിരുന്നു. പന്നി ശല്യം വ്യാപകമായതിനെ തുടർന്ന് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജനജാഗ്രതാസമിതി കൂടി വീണ്ടും പന്നികളെ വെടിവച്ചുകൊല്ലുവാൻ തീരുമാനിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി.