
തിരുവനന്തപുരം: ബഹിരാകാശരംഗത്ത് രാജ്യത്തിന്റെ അഭിമാനമായ ഐ.എസ്.ആർ.ഒയിലും പിൻവാതിൽ നിയമനമെന്ന പരാതിയിൽ ചെയർമാൻ ഡോ.കെ.ശിവനെതിരെയുൾപ്പെടെ കേസെടുത്ത് കേന്ദ്ര വിജിലൻസ് കമ്മിഷൻ അന്വേഷണം ആരംഭിച്ചു. ഡോ.ശിവന്റെ മകൻ എസ്.സിദ്ധാർത്ഥിനെ തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിൽ എൻജിനിയർ സയന്റിസ്റ്റായി 1.77ലക്ഷം രൂപ ശമ്പളത്തിൽ നേരിട്ട് നിയമിച്ചതിലാണ് അന്വേഷണം. എൽ.പി.എസ്.സി ഡയറക്ടർ ഡോ.നാരായണൻ മുൻകൈയെടുത്ത് നടത്തിയ നിയമനമാണിത്. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് കൂടിയാണ് ഡോ.ശിവൻ.
കേന്ദ്ര സർക്കാർ സ്ഥാപനമായ ഐ.എസ്.ആർ.ഒയിൽ യു.പി.എസ്.സി മാതൃകയിൽ റിക്രൂട്ട്മെന്റ് ബോർഡുണ്ട്. ഇവരാണ് പരസ്യം ചെയ്ത് അപേക്ഷ ക്ഷണിച്ച് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നത്. എന്നാൽ ചെയർമാന്റെ മകനെ ലെവൽ 10 കേഡറിൽ ഉന്നത പദവിയിലേക്ക് നേരിട്ട് നിയമിക്കാൻ, പതിവിനു വിപരീതമായി ഒാൺലൈനിൽ അപേക്ഷ ക്ഷണിച്ച് പേരിനൊരു അഭിമുഖം നടത്തുക മാത്രമായിരുന്നെന്നാണ് ആക്ഷേപം. ഈ തസ്തികയ്ക്കു വേണ്ട പ്രവൃത്തിപരിചയവും ഇല്ലായിരുന്നു.
മാത്രമല്ല, ഒാൺലൈൻ അപേക്ഷ എൽ.പി.എസ്.സിയുടെ വെബ് സൈറ്റിലേക്കാണ് ക്ഷണിച്ചത്. നിയമനത്തിനുള്ള യോഗ്യതയായി ബി.ടെക്കും വെരിലാർജ് സ്കെയിൽ ഇന്റഗ്രേഷൻ ആൻഡ് എംബഡഡ് സിസ്റ്റത്തിൽ എംടെക്കുമാണ് കാണിച്ചിരുന്നത്. എൽ.പി.എസ്.സിയിൽ എൻജിനീയർ ശാസ്ത്രജ്ഞനാകാൻ ഇൗ യോഗ്യത ആവശ്യമില്ല. ചെയർമാന്റെ മകൻ എം.ടെക്കിന് പഠിച്ച കോഴ്സ് ആയതുകൊണ്ടാണ് ഇത് യോഗ്യതാ മാനദണ്ഡമായി കാട്ടിയതത്രെ.
നവംബർ 9ന് അപേക്ഷ സ്വീകരിച്ചു. ജനുവരി 25ന് നിയമനവും നടത്തി. മൂന്ന് പേരുടെ റാങ്ക് പട്ടികയാണ് തയ്യാറാക്കിയത്. ഒന്നാം റാങ്ക് ലക്ഷ്മിപ്രസാദ്, രണ്ടാം റാങ്ക് സിദ്ധാർത്ഥ്, മൂന്നാം റാങ്ക് വി.ആർ.പത്മപ്രഭ. ഒന്നാം റാങ്കുകാരിക്കും നിയമനം നൽകിയെന്നാണ് ഐ.എസ്.ആർ.ഒ കേന്ദ്രങ്ങൾ പറയുന്നത്. ഒരുവർഷമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി.
ഡോ. നാരായണനെ വി.എസ്.എസ്. സി.ഡയറക്ടറായി ശിവൻ നിയമിക്കുമെന്ന പ്രതീക്ഷയിലാണ് ഇൗ പിൻവാതിൽ നിയമനം നടത്തിയതെന്നും വിജിലൻസിന് കിട്ടിയ പരാതിയിലുണ്ട്. ഡോ.ശിവനും ഡോ.നാരായണനും ഒരേ നാട്ടുകാരാണ്. ഐ.എസ്.ആർ.ഒയുടെ രാജ്യത്തെ ഏറ്റവും വലിയ യൂണിറ്റാണ് തിരുവനന്തപുരത്തെ വി.എസ്.എസ്.സി.
നാഗർകോവിൽ സ്വദേശിയായ ഡോ.ശിവൻ 2017 ഏപ്രിലിൽ വിരമിച്ചെങ്കിലും സർവീസ് രണ്ടു വർഷത്തേക്ക് നീട്ടിക്കൊടുത്താണ് 2018 ജനുവരിയിൽ ഐ.എസ്.ആർ.ഒ ചെയർമാനാക്കിയത്. 2019ൽ രണ്ടു വർഷത്തേക്കും പിന്നീട് 2021 ജനുവരിയിൽ ഒരു വർഷത്തേക്കും നീട്ടിക്കൊടുത്തു.
നിയമനം നടപടിക്രമം പാലിച്ചെന്ന്
ഡോ.ശിവന്റെ മകനെ എൽ.പി.എസ്.സിയിൽ നിയമിച്ചതിൽ ഒരു ക്രമക്കേടുമില്ലെന്നാണ് ഐ.എസ്.ആർ.ഒയുടെ ഒൗദ്യോഗിക വിശദീകരണം. മൂന്ന് തരത്തിൽ നിയമനം നടത്താൻ ഐ.എസ്.ആർ.ഒയിൽ വ്യവസ്ഥയുണ്ട്. ഒന്ന് കാമ്പസ് റിക്രൂട്ട്മെന്റ്, രണ്ട് ഐ.എസ്.ആർ.ഒ റിക്രൂട്ട്മെന്റ് ബോർഡ് മുഖേന, മൂന്ന് ഓരോ യൂണിറ്റിലേക്കും സവിശേഷമായുണ്ടാകുന്ന ഒഴിവിലേക്ക് നേരിട്ട് നിയമനം. ഇതിൽ മൂന്നാമത്തെ രീതിയിൽ നടപടികളെല്ലാം പാലിച്ചാണ് ഡോ.ശിവന്റെ മകനെ നിയമിച്ചതെന്നാണ് വിശദീകരണം.