arya

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ കുരുന്നുകളെ കാണാൻ മേയറെത്തി. സംസ്ഥാന ശിശുക്ഷേമ സമിതി ഇത്തവണത്തെ ശിശു ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല സാഹിത്യ രചനാമത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിലാണ് മേയറെത്തിയത്. സമിതിയിലെ കുരുന്നുകൾ മേയറെ 'സ്‌നേഹത്തൊപ്പി' വച്ച് സ്വീകരിച്ചു. മേയർ ആര്യ രാജേന്ദ്രൻ കൈയിൽ സൂക്ഷിച്ചിരുന്ന മധുരം കുരുന്നുകൾക്ക് നൽകി.

സംസ്ഥാനതല മത്സരത്തിൽ ജില്ലയിൽ നിന്നും സമ്മാനം ലഭിച്ചവർക്ക് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ.ഷിജൂഖാൻ.ജെ.എസ് സമ്മാനങ്ങൾ വിതരണം ചെയ്തു. ട്രഷറർ ആർ. രാജു അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. ജയപാൽ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം സുദർശനൻ നന്ദിയും പറഞ്ഞു.
സംസ്ഥാനതല ശിശുദിന ആഘോഷങ്ങളിലെ കുട്ടികളുടെ നേതാക്കളുടെ പരിശീലകൻ പള്ളിപ്പുറം ജയകുമാറിന് ഉപഹാരം നൽകി.
സംസ്ഥാനതല വിജയികൾക്ക് കണ്ണൂരിൽ മന്ത്രി കെ.കെ. ശൈലജ ടീച്ചറും കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം,പാലക്കാട് എന്നിവിടങ്ങളിൽ ഡോ.ഷിജൂഖാനും ഇടുക്കിയിൽ എ.ഡി.സി ആന്റണി സ്‌കറിയയും സമ്മാനങ്ങൾ വിതരണം ചെയ്തു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിൽ അടുത്ത ആഴ്ച സമ്മാനങ്ങൾ വിതരണം ചെയ്യും.