albin-benny

വീട്ടിലേക്ക് കയറ്റരുതെന്ന് കോടതി

കാഞ്ഞങ്ങാട്: ബളാൽ അരിങ്കല്ലിൽ സഹോദരിയെ ഐസ്‌ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സഹോദരന് കോടതി ജാമ്യം അനുവദിച്ചു. സ്വന്തം വീട്ടിലേക്ക് കയറ്റരുതെന്ന ഉപാധിയോടെയാണ് ജില്ലാ കോടതി ആൽബിൻ ബെന്നിക്ക് ജാമ്യം അനുവദിച്ചത്. 50,000രൂപ ബോണ്ടിലും വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിവിട്ട് പോകുവാൻ പാടില്ലെന്ന വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും കോടതി നിഷ്‌കർഷിച്ചിട്ടുണ്ട്.

യൂട്യൂബ് ചാനലിന്റെ സഹായത്തോടെ അതീവരഹസ്യമായി സ്വന്തം സഹോദരിയെ കൊലപ്പെടുത്തിയ ശേഷം പൊലീസ് പിടിയിലായ ആൽബിൻ ബെന്നി എട്ടു മാസത്തെ ജയിൽ വാസത്തിനു ശേഷമാണ് പുറത്തിറങ്ങുന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ആൽബിൻ ബെന്നിയെ ബളാൽ കല്ലൻ ചിറയിലെ ഒരു വാടക വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്. വീട്ടിൽ പ്രവേശിക്കാൻ പാടില്ല എന്ന കോടതി നിർദ്ദേശം ഉള്ളതിനാലാണിത്.

ആഗസ്ത് അഞ്ചിനാണ് ആൻ മരിയ, ആൽബിൻ ബെന്നിയുടെ ചതിക്കുഴിയിൽപ്പെട്ടു മരിച്ചത്. ആദ്യം മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് കുട്ടിയുടെ ശരീരത്തിൽ എലിവിഷത്തിന്റെ അംശം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് സി.ഐ. കെ. പ്രേം സദൻ എസ്.ഐ. എം.വി. ശ്രീദാസൻ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് ആൻ മരിയയുടെ മരണം കൊലപാതകം എന്ന് കണ്ടെത്തിയത്.

പിതാവ് ബെന്നിയെയും സഹോദരിയെ പോലെ തന്നെ ഐസ്‌ക്രീമിൽ എലിവിഷം നൽകി കൊലപ്പെടുത്താൻ ആൽബിൻ ശ്രമിച്ചിരുന്നു. ബെന്നി മാസങ്ങളോളമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. ഗുരുതമായ അവസ്ഥയിൽ ആയിരുന്ന ബെന്നിക്ക് മകളുടെ സംസ്‌കാര ചടങ്ങുകൾക്ക് പോലും പങ്കെടുക്കാൻ ആയിരുന്നില്ല..