01

പോത്തൻകോട്: വസ്തുവാങ്ങുന്നത് സംബന്ധിച്ചുള്ള തർക്കത്തിന്റെ പേരിൽ ചെങ്കോട്ടുകോണത്ത് കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിൽ നടത്തിയ വീടാക്രമണത്തിൽ വൃദ്ധയുൾപ്പെടെ നാലുപേർക്ക് മർദ്ദനമേറ്റു. ചേങ്കോട്ടുകോണം കുളക്കോട്ടുകോണം പുതുവൽ പുത്തൻവീട്ടിൽ ബേബി (73) , ശശി (60), ആനന്ദ് (22), അനിൽകുമാർ (43) എന്നിവർക്കാണ് മർദ്ദനമേറ്റത്. വെള്ളിഴാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം. ഇന്നോവ കാറിലെത്തിയ നാലംഗസംഘമാണ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആക്രമണം നടത്തിയത്. ജനാലകളും വാതിലുകളും തല്ലിത്തകർത്ത സംഘം വീട്ടിലുണ്ടായിരുന്നവരെ മർദ്ദിച്ചു. പതിമൂവായിരം രൂപയും കവർന്ന പ്രതികൾ പിക്കപ്പ് ലോറിയിൽ പച്ചക്കറിക്കച്ചവടം നടത്തുന്ന അനിൽകുമാറിന്റെ വാഹനവും അടിച്ചുതകർത്തു.

അനിൽകുമാറിന്റെ വീടും സ്ഥലവും അക്രമിസംഘത്തിലുൾപ്പെട്ട ഒരാൾ വാങ്ങാനായി എത്തിയിരുന്നു.

എന്നാൽ മതിയായ വില ലഭിക്കാത്തതിനാൽ കച്ചവടത്തിന് വീട്ടുകാർ കൂട്ടാക്കിയില്ല. തുടർന്ന് അനിലിന്റെ സഹോദരനും അക്രമികളുമായി നേരത്തെ വാക്കുതർക്കവും സംഘർഷവും ഉണ്ടായി. ഈ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് പോത്തൻകോട്ടെ ബാറിന് സമീപം വച്ച് അനിൽകുമാറിന്റെ വണ്ടിയുടെ താക്കോൽ അക്രമിസംഘം ഊരിയെടുത്തിരുന്നു. പിന്നീട് താക്കോൽ തിരികെ നൽകിയെങ്കിലും പിന്നാലെയെത്തിയ ഇവർ കാട്ടായിക്കോണത്തിന് സമീപത്ത് വച്ച് അനിലിനെയും സുഹൃത്തിനേയും ആക്രമിച്ചു.

രാത്രി വീണ്ടുമെത്തിയ ഇവർ ആക്രമണമഴിച്ചുവിടുകയായിരുന്നു. അനിൽകുമാറിന്റെ രോഗിയായ മാതാവിനും സഹോദരീപുത്രനും ബന്ധുവിനുമാണ് മർദ്ദനമേറ്റത്. സംഭവത്തിൽ നാലുപേരെ പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തു.

അയിരൂപ്പാറ സ്വദേശികളായ കുട്ടൻ എന്ന സുനിൽകുമാർ (44), സ്റ്റീഫൻ എന്ന ശബരി (35),​ സ്വാമിയാർ മഠം സ്വദേശി ശ്രീജിത് മോഹൻ (30),​ മുരുക്കുംപുഴ സ്വദേശി സേവ്യർ വിൻസന്റ് (32) എന്നിവരാണ് അറസ്റ്റിലായത്. ബോംബുനിർമ്മാണത്തിനിടെ ഇരുകൈപ്പത്തികളും നഷ്ടമായ ആളാണ് സ്റ്റീഫൻ. ഇതേസംഘം പോത്തൻകോട്ടെ ബാറിലും കഴിഞ്ഞ ദിവസം അക്രമം നടത്തിയിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോത്തൻകോട് പൊലീസ് ഇൻസ്‌പെക്ടർ അറിയിച്ചു.