
സമ്മതപത്രം ഒപ്പിടാൻ ആശങ്ക
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് പുരോഗമിക്കുന്നതിനിടെ വാക്‌സിനേഷനായി പുതിയ മരുന്ന് എത്തിയതോടെ രണ്ടാംഘട്ടത്തിൽ കുത്തിവയ്പ്പെടുക്കേണ്ട മുന്നണി പോരാളികൾ പിൻമാറുന്നു. പൊലീസ്,റവന്യു,പഞ്ചാത്തായത്ത് ജീവനക്കാരാണ് ആശങ്കയിലായിരിക്കുന്നത്. കൊവീഷീൽഡാണ് ആദ്യം സംസ്ഥാനത്ത് ഉപയോഗിച്ചിരുന്നത്. എല്ലാവിധ പരീക്ഷണഘട്ടങ്ങളും പൂർത്തിയതിനാൽ അത് എടുത്തവർ സമ്മതപത്രം ഒപ്പിട്ടുനൽകേണ്ടതില്ല. എന്നാൽ വ്യാഴാഴ്‌ച മുതൽ കൊവാക്‌സിൻ ഉപയോഗിച്ച് തുടങ്ങിയതോടെയാണ് സമ്മതപത്രം ആവശ്യമായി വന്നത്. കൊവാക്‌സിന്റെ അവസാനഘട്ട പരീക്ഷണഫലം പുറത്തുവരാത്ത സാഹചര്യത്തിൽ ക്ലിനിക്കൽ ട്രയലായി നൽകാനാണ് കേന്ദ്രനിർദ്ദേശം. ഇതോടെയാണ് സമ്മതപപത്രം ആവശ്യമായി വന്നത്. ഒൻപത് പേജുള്ള സമ്മതപത്രത്തിൽ കൊവാക്‌സിന്റെ പരീക്ഷണഘട്ടം പൂർത്തിയാകാനുണ്ടെന്ന് വ്യക്തമാക്കുന്നു. പാർശ്വഫലങ്ങളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. ഇതോടെയാണ് പലരും ഒപ്പിടാൻ മടിക്കുന്നത്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർ ഭൂരിഭാഗവും കുത്തിവയ്പ്പ് എടുക്കാതെ മടങ്ങുകയാണ്. 20 ഡോസാണ് കൊവാക്‌സിന്റെ ഒരു ബോട്ടിലിലുള്ളത്. 15പേരെങ്കിലും സമ്മതം അറിയിച്ചാൽ മാത്രമേ ഒരു ബോട്ടിൽ തുറക്കാനാകൂ. പലയിടങ്ങളിലും 10പേർ പോലും കുത്തിവയ്പ്പിന് തയ്യാറായില്ല.
കൊവിഷീൽഡ് തിരിച്ചുവിളിക്കും
ഇനി മുതൽ എല്ലാവർക്കും കൊവാക്‌സിൻ മാത്രമാകും നൽകുക. കേന്ദ്രത്തിൽ നിന്ന് തുടർന്നും ലഭ്യമാകുന്നത് കൊവാക്‌സിൻ ആണെങ്കിൽ ആദ്യഡോസ് കൊവിഷീൽഡ് എടുത്തവർക്ക് രണ്ടാം ഡോസ് നൽകാൻ മരുന്ന് ലഭിക്കില്ല. ഇത് മുന്നിൽക്കണ്ട് വിവിധ ജില്ലകളിൽ നൽകിയിട്ടുള്ള കൊവീഷീൽഡ് റീജിയണൽ വാക്‌സിൻ സ്റ്റോറുകളിൽ തിരിച്ചെത്തിക്കാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി.
1,29,258 മുന്നണി പോരാളികൾ
ആഭ്യന്തര വകുപ്പ് ജീവനക്കാർ 78,701
മുൻസിപ്പാലിറ്റി ജീവനക്കാർ 6,600
റവന്യൂ വകുപ്പ് ജീവനക്കാർ 16,735
പഞ്ചായത്ത് ജീവനക്കാർ 27,222