g

തിരുവനന്തപുരം: ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ പുഷ് അപ്പ് എടുക്കുകയും ബാസ്ക്കറ്റ് ബാൾ കൊണ്ടും മറ്റും വ്യായാമം ചെയ്യുകയും ചെയ്യുന്ന 'പയ്യനെ' അദ്ഭുതത്തോടെയാണ് ആദ്യ നാളുകളിൽ അവിടെ ജോഗിംങ്ങിനും മറ്റും എത്തുന്നവർ കണ്ടിരുന്നത്. ഇപ്പോൾ അവർക്ക് അതൊരു പുതുമയുള്ള കാഴ്ചയല്ല. അറുപതാം വയസിലും മുപ്പതിന്റെ ചെറുപ്പവുമായി എല്ലാവരേയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന മലയിളികളുടെ പ്രിയപ്പെട്ട ഗായകൻ ജി. വേണു ഗോപാലാണ് ആ പയ്യൻ.

പ്രായത്തെ തോൽപ്പിക്കാനാണോ ഇപ്പോഴിങ്ങനെയെന്ന് ചോദിച്ചാൽ ''പിള്ളേരുടെ കൂടെ പിടിച്ചു നിൽക്കണ്ടേ? ''ശരീരം മാത്രമല്ല ശാരീരം നന്നാകാനും വ്യായാമം ബെസ്റ്റാണ്''- ചിരിച്ചുകൊണ്ടുള്ള വേണുഗോപാലിന്റെ മറുപടി. സ്വന്തം ഫേസ്ബുക്ക് പേജിൽ വേണുഗോപാൽ വ്യായാമം ചെയ്യുന്ന വീഡിയോ പോസ്റ്റു ചെയ്തപ്പോൾ കമന്റ് മഴ.

ചെറുപ്പത്തിലേ യോഗ തുടങ്ങി, വ്യായാമം ഇടയ്ക്ക് മുടങ്ങിയത് ഇപ്പോൾ വീണ്ടും ആരംഭിച്ചതാണെന്ന് വേണുഗോപാൽ പറഞ്ഞു. '' കുട്ടിക്കാലത്ത് പാടുമ്പോൾ ഒച്ചയടപ്പും ശബ്ദത്തിൽ ചില അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. അപ്പോൾ അച്ഛൻ എന്നെ ഒരു യോഗ സെന്ററിൽ വിട്ടു. യോഗ അഭ്യസിച്ചതോടെ എന്റെ ശ്വസനസംബന്ധമായ പ്രശ്‌നങ്ങൾക്ക് വളരെയധികം ആശ്വാസം കിട്ടി.

പിന്നീട് ജോലി തിരക്ക് കാരണം യോഗ വിട്ടു. ബുദ്ധിമുട്ടുകൾ തിരിച്ചെത്തിയപ്പോൾ വീണ്ടും യോഗയിലേക്ക് മടങ്ങി. പിന്നീട് വ്യായാമവും തുടങ്ങി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വിവേക് എന്നയാളാണ് പരിശീലകൻ. ഇടയ്‌ക്ക് വ്യായാമം മുടങ്ങുമ്പോൾ ഭാരം വർദ്ധിച്ചുവെന്നും ഡയറ്റിൽ ശ്രദ്ധിക്കണമെന്നും വിവേക് വിളിച്ച് ഓർമ്മിപ്പിക്കും.'' അദ്ദേഹം പറഞ്ഞു.