covid

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയുളവാക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി ഇന്നലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ, പൊലീസ് നോഡൽ ഓഫീസർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്. കൊവിഡ് വ്യാപിക്കുമ്പോൾ തിരഞ്ഞെടുപ്പ് നടത്തുന്നത് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് വേണമെന്ന് യോഗം വിലയിരുത്തി. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കൊവിഡ് വ്യാപനം കൂടിയ കാര്യവും യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി

തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ, ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ സുദീപ് ജെയിൻ, ചന്ദ്രകുമാർ, എ.ഡി.ജി ഷേയ്ഭാലി ബി.ശരൺ തുടങ്ങിയവരാണ് ഇന്നലെ രാവിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുമായും മറ്റും ചർച്ച നടത്തിയത്. ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടർമാർ, എസ്.പിമാർ, വിവിധ ഏജൻസികൾ എന്നിവരുമായും ചർച്ച നടത്തി. ഇന്ന് രാവിലെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, പൊലീസ് ചീഫ് ലോക്നാഥ് ബഹ്റ എന്നിവരുമായി ചർച്ച നടത്തും. വൈകിട്ട് 5 ന് വാർത്താസമ്മേളനം നടത്തും. കമ്മിഷൻ ഡൽഹിയിൽ തിരിച്ചെത്തിയശേഷം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.