
തിരുവനന്തപുരം: 40 വർഷം മുമ്പ് മനസിൽ കുറിച്ച മഹാകവി കുമാരനാശാന്റെ ജീവിതം പറയുന്ന ചിത്രം കെ.പി. കുമാരൻ സൃഷ്ടിച്ചത് 82-ാം വയസിൽ. കഥപറച്ചിലിൽ കവിതകൾ കൂടി ചേർത്ത് വേറിട്ട രീതിയിലാണ് അദ്ദേഹം ' ഗ്രാമവൃക്ഷത്തിലെ കുയിൽ' ഒരുക്കിയത്. ചലച്ചിത്രോത്സവത്തിൽ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ പുതിയ തലമുറയ്ക്ക് അത് മഹാകവിയുടെ വ്യക്തി ജീവിതത്തിലേക്കും കാവ്യ ജീവിതത്തിലേക്കും കടന്നുപോകാനുള്ള അവസരമായി. ' ബംഗാളിന് ടാഗോർ നൽകിയതെന്താണോ അതാണ് മലയാളിക്ക് ആശാൻ നൽകിയത്. 101 വർഷം മുമ്പ് 'ചിന്താവിഷ്ടയായ സീത' എഴുതിയ മനുഷ്യനെ നമ്മൾ കവിയായി മാത്രം വാഴ്‌ത്തിയാൽ മതിയോ. പ്രേമത്തെക്കുറിച്ചും സ്ത്രീമനസിനെക്കുറിച്ചുമെല്ലാം മലയാളിയെ പഠിപ്പിച്ചത് അദ്ദേഹമാണ്. ആശാനെ ' വിപ്ലവത്തിന്റെ ശുക്രനക്ഷത്രമെന്ന് ' വിളിച്ച ജോസഫ് മുണ്ടശേരി മാത്രമേ ആശാനെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ളൂ. സവർണൻ അല്ലാത്തുകൊണ്ടാണ് അർഹിക്കുന്ന പ്രാധാന്യം ആശാന് ലഭിക്കാത്തതെന്നും ഇതൊരു ആരോപണമായി മലയാളിക്കു മുന്നിൽ വയ്ക്കുകയാണെന്നും മലയാളത്തിൽ നവതരംഗ സിനിമാപ്രസ്ഥാനത്തിന് തുടക്കമിട്ട സംവിധായകരിലൊരാളായ കെ പി. കുമാരൻ പറയുന്നു. സഹധർമിണി എം ശാന്തമ്മപിള്ളയാണ് ചിത്രം നിർമ്മിച്ചത്. പ്രശസ്‌ത സംഗീതജ്ഞൻ ശ്രീവത്സൻ ജെ. മേനോനാണ് കുമാരനാശാനായി വേഷമിട്ടത്. ഭാനുമതിയായി ഗാർഗി അനന്തൻ അഭിനയിച്ചു. മേളയുടെ നാലാം ദിനമായ ഇന്നലെ മോഹിത് പ്രിയദർശി സംവിധാനം ചെയ്‌ത കോസ, ഹികയോഷി കുറൊസോവയുടെ വൈഫ് ഓഫ് സ്‌പൈ, മലയാള ചിത്രങ്ങളായ കയറ്റം, ചുരുളി, വാസന്തി എന്നിവയും മികച്ച പ്രതികരണം നേടി.
ഇന്ന് കൊടിയിറക്കം
25-ാമത് ചലച്ചിത്രമേളയുടെ ആദ്യ മേഖലാ പ്രദർശനത്തിന് ഇന്ന് കൊടിയിറങ്ങും. റിലീസ് ചിത്രങ്ങളും ഓസ്‌കാറിലെ മത്സര ചിത്രങ്ങളുമടക്കം 80 ചിത്രങ്ങളാണ് ഇക്കുറി മേളയിൽ കാഴ്ചവസന്തമൊരുക്കിയത്. വിവിധ വിഭാഗങ്ങളിലായി 2500 ഓളം പ്രതിനിധികളാണ് തലസ്ഥാനത്തെത്തിയത്. പ്രതീക്ഷയുയർത്തുന്ന നവാഗത സംവിധായകരുടെ സാന്നിദ്ധ്യം കൊണ്ടും മേള ശ്രദ്ധേയമായി. മലയാളത്തിൽ നിന്ന് ഉൾപ്പെടെ 10 നവാഗതരുടെ സിനിമകളാണ് മേളയിലുണ്ടായിരുന്നത്. തമിഴ്, ഹിന്ദി ഭാഷകളിൽ നിന്നും വിദേശ ഭാഷകളിൽനിന്നും നവാഗതർ മേളയിൽ സാന്നിദ്ധ്യം അറിയിച്ചു.