
ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറത്ത് മത്സ്യഷെഡിൽ സൂക്ഷിച്ചിരുന്ന 250 കിലോ തൂക്കം വരുന്ന വലയുടെ വെയ്റ്റുകൾ മോഷണം പോയി. പുത്തൻകടപ്പുറം യു.കെ. സുബ്രഹ്മണ്യന്റെ ഉടമസ്ഥതയിലുള്ള യു.കെ. ബ്രദേഴ്സ് വള്ളത്തിന്റെ ഷെഡ്ഡിൽ നിന്നാണ് വെയ്റ്റുകൾ നഷ്ടപ്പെട്ടത്.
ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇവിടെ മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും സൂക്ഷിച്ചിരുന്നു. എന്നാൽ വല താഴ്ന്നുകിടക്കാൻ ഉപയോഗിക്കുന്ന വെയ്റ്റുകളാണ് വലയിൽ നിന്നും വേർപ്പെടുത്തി മോഷ്ടാക്കൾ അപഹരിച്ചത്. റോപ്പുകളും ചങ്ങലയും മുറിച്ച് മാറ്റിയാണ് വലയിൽ നിന്നും വെയ്റ്റുകൾ എടുത്തിരിക്കുന്നത്.
ഇന്നലെ രാവിലെ 6.30ന് മത്സ്യത്തൊഴിലാളികൾ ഷെഡ്ഡിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. രണ്ട് ആഴ്ചത്തെ കഠിന പരിശ്രമം കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. അതിനാൽ മത്സ്യത്തൊഴിലാളികൾക്ക് വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് ഉടമസ്ഥൻ യു.കെ. സുബ്രഹ്മണ്യൻ പറഞ്ഞു.
ചാവക്കാട് നഗരസഭാ വൈസ് ചെയർമാൻ കെ.കെ. മുബാറക്ക്, നഗരസഭാ കൗൺസിലർ പി.കെ. രാധാകൃഷ്ണൻ, മത്സ്യത്തൊഴിലാളി യൂണിയൻ ഡിവിഷൻ സെക്രട്ടറി കെ.എം. അലി എന്നിവർ സ്ഥലം സന്ദർശിച്ചു. ചാവക്കാട് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.