
തിരൂരങ്ങാടി: മൂന്നിയൂരിലെ സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് കളത്തിങ്ങൽ പാറയെ വാഹനം തടഞ്ഞ് ആക്രമിക്കുകയും വിലപിടിപ്പുള്ള സാധനങ്ങൾ കവരുകയും ചെയ്ത കേസിൽ മൂന്നിയൂർ പാറാക്കാവ് ശാന്തിനഗർ സ്വദേശി ചോനാരി നിസാറിനെ(25) തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് നിസാർ. മൂന്നിയൂർ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ എൻ എം.റഫീഖിനെതിരെ വധഭീഷണി ഉയർത്തിയതുമായി ബന്ധപ്പെട്ടും കളത്തിങ്ങൽപാറയിലെ നാറ്റിങ്ങൽ അലിയെ മാരകായുധം കൊണ്ട് കുത്തി പരിക്കേൽപ്പിച്ചതിനും ആലിൻചുവട് നരിക്കോട്ട് മേച്ചേരി സൈനുദ്ദീനെ അക്രമിച്ച കേസിലും പ്രതിയാണ് നിസാർ. മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.സുഹ്‌റാബിയെ സോഷ്യൽ മീഡിയയിലൂടെ അവഹേളിച്ചതിന്റെ പേരിലും മൂന്നിയൂർ ചിനക്കൽ സ്വദേശിയും മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ കീഴേടത്ത് മൊയ്തീൻകുട്ടിയെ സോഷ്യൽ മീഡിയ വഴി അപമാനിച്ചതിനും സൈബർ ആക്ട് പ്രകാരം രണ്ടുകേസും ഇയാൾക്കെതിരെയുണ്ട്.