
കുന്നിക്കോട്: എക്സൈസിന്റെ കൈവിലങ്ങുമായി കടന്നുകളഞ്ഞ മുൻ കഞ്ചാവ് കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 11നായിരുന്നു സംഭവം. മഞ്ഞക്കാല പാറവിള വീട്ടിൽ മഹേഷാണ് (24) അറസ്റ്റിലായത്.
എക്സൈസ് സംഘം തലവൂർ നടുത്തേരിക്കടുത്ത് ചരുവിള വീട്ടിൽ സാബുവിനെ (21) അറസ്റ്റ് ചെയ്യുന്നതിനിടയിലാണ് മഹേഷ് എത്തുന്നത്. സാബു വാഹനത്തിൽ കയറാൻ വിസമ്മതിച്ചപ്പോൾ, എക്സൈസ് ഇൻസ്പെക്ടർ സാബുവിനെ കൈവിലങ്ങ് അണിയിക്കുന്നതിനിടയിൽ മഹേഷ് കൈവിലങ്ങ് തട്ടിയെടുത്തു. മഹേഷിനെ തടഞ്ഞ സിവിൽ എക്സൈസ് ഓഫീസറിനെ ചവിട്ടി വീഴ്ത്തിയാണ് രക്ഷപ്പെട്ടത്. ഒളിവിൽ കഴിഞ്ഞുവന്ന മഹേഷിനെ കുന്നിക്കോട് പൊലീസാണ് അറസ്റ്റ് ചെയ്തത്.