
പാലോട്: വേനൽ ശക്തിയാർജിക്കുന്നതിനും മുൻപേ വെള്ളച്ചാട്ടത്തിന്റെ കുളിർമയും കാനനഭംഗിയും ആസ്വദിക്കണമെങ്കിൽ നേരേ പാലോട്ടേക്ക് വിട്ടോളൂ. കാരണം വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാലോട് മങ്കയം ഇക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം നൽകിക്കഴിഞ്ഞു. വ്യത്യസ്ഥമായ ഒരു അനുഭവമാകും ഈ വനയാത്ര നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. സഞ്ചാരികൾക്കായി വനം വകുപ്പും നിരവധി ഒരുക്കങ്ങളാണ് ഇവിടെ നടത്തിയിരിക്കുന്നത്..
മങ്കയം, ബ്രൈമൂർ, വരയാടുമൊട്ട എന്നീ കേന്ദ്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് വനസൗന്ദര്യം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ട്രക്കിംഗ് ടൂറിസമാണ് സഞ്ചാരികൾക്കായി ആരംഭിച്ചിട്ടുള്ളത്. അഞ്ച് പേരടങ്ങുന്ന സംഘങ്ങളായാണ് ട്രക്കിംഗ് ആരംഭിക്കുന്നത്. ബ്രൈമൂർ മണച്ചാലിൽ നിന്നും ആരംഭിക്കുന്ന യാത്രയ്ക്ക് വനം വകുപ്പ് ഗൈഡിന്റെ സേവനം ഉണ്ടാകും. ഭക്ഷണം സ്വന്തമായി കരുതണം. മൂന്നു കിലോമീറ്ററോളം കാൽനടയായി വേണം മലമുകളിൽ എത്താൻ. രാവിലെ 6 ന് യാത്ര ആരംഭിക്കും. വരയാടുകളെ കൂടാതെ ധാരാളം വന്യമൃഗങ്ങളെയും കാണാം. ദൃശ്യഭംഗി ആസ്വദിച്ച് തിരിച്ചിറങ്ങുമ്പോൾ വനം വകുപ്പ് നൽകുന്ന ആഹാരവും ലഭിക്കും. യാത്ര അവസാനിക്കുന്നത് മങ്കയം വെള്ളചാട്ട മേഖലയിലാണ്.
മങ്കയം വെള്ളച്ചാട്ടം
തെക്കൻ കേരളത്തിലെ ഏറ്റവും മനോഹരമായ രണ്ടു വെള്ളച്ചാട്ടങ്ങൾ മങ്കയത്തിനു സ്വന്തമാണ്, കാളക്കയവും കുരിശ്ശടിയും. മഴക്കാടുകളിൽനിന്ന് ഒഴുകിയിറങ്ങുന്ന അരുവിയിൽ കുളിച്ച്, പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ ഇടമാണ്. മങ്കയം പുഴയിലാണ് ഈ വെള്ളച്ചാട്ടങ്ങൾ. തിരുവനന്തപുരത്തുകാർക്ക് ഒരു വാരാന്ത്യ വിനോദസഞ്ചാര കേന്ദ്രമാണിത്. പ്രകൃതിയുടെ മാറിലെ വെള്ളിമാല പോലെ കുതിച്ചെത്തുന്ന മങ്കയം വെള്ളചാട്ടം കാണാൻ എത്തുന്ന സഞ്ചാരികളും ധാരാളമാണ്.
60 അടി പൊക്കത്തിൽ നിന്നും അഞ്ച് തട്ടുകളിലായി ചിന്നിച്ചിതറുന്ന വെള്ളച്ചാട്ടമാണ് മങ്കയത്തിന്റെ പ്രത്യേകത.
വരയാട് മൊട്ട
തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയിൽ നിന്നും ആരംഭിച്ച് കല്ലാറിൽ അവസാനിക്കുന്ന മനോഹരമായതും സാഹസികത നിറഞ്ഞതുമായ ഒരു കാനന പാതയാണ് വരയാട്മൊട്ട, വരയാട്ടുമുടി എന്നും ഈ പ്രദേശം അറിയപ്പെടുന്നു. പൊന്മുടി മലനിരകളിലെ ഏറ്റവും ഉയരം കൂടിയ മലനിരകളാണ് വരയാടുമൊട്ട. അതിൽ ഏറ്റവും പൊക്കമുള്ള മലയ്ക്ക് 1100 മീറ്റർ ആണ് ഉയരം. കേരളത്തിൽ ഏറ്റവും കൂടുതൽ വരയാടുകൾ ഉള്ളസ്ഥലമാണ് വരയാടുമൊട്ട. വനം വകുപ്പിന്റെ കണക്കനുസരിച്ച് മുന്നൂറിലധികം വരയാടുകൾ ഇവിടെ ഉണ്ട്.
കൊടും കാടിനും വന്യജീവികൾക്കും പേരുകേട്ട ഒരിടമാണ് ബ്രൈമൂർ എസ്റ്റേറ്റ്. പൊൻമുടിയിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രം അകലെ സ്ഥിതിചെയ്യുന്ന ഇവിടം അഗസ്ത്യാർകൂടം ബയോളജിക്കൽ റിസർവിന്റെ ഭാഗമാണ്. ബ്രിട്ടീഷുകാർ തുടങ്ങിയ 900 ഏക്കറുള്ള എസ്റ്റേറ്റാണ് ഇവിടത്തെ കാഴ്ച. പാലോട്ട് നിന്നും തിരിഞ്ഞാണ് ഇവിടേക്ക് പോകേണ്ടത്. ബ്രൈമൂർ എസ്റ്റേറ്റിനുള്ളിൽ തേയില ഫാക്ടറി, പഴയ കെട്ടിടങ്ങൾ തുടങ്ങിയവ കാണാം.
ട്രക്കിംഗിന് വരുന്നവർ മുൻകൂട്ടി അനുവാദം വാങ്ങുകയും പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിശ്ചിത ഫീസ് അടയ്ക്കുകയും വേണം. 2500 രൂപയാണ് 5 പേർക്കുള്ള ട്രക്കിംഗ് ഫീസ്. കൂടുതലുള്ള ഓരോരുത്തർക്കും 1000 രൂപ അധികം നൽകണം. ഗൈഡുകളുടെ നിർദ്ദേശം പൂർണമായും പാലിക്കണം.
ബി. അജിത് കുമാർ
റേഞ്ച് ഓഫീസർ, പാലോട്